തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടി കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി രാജേഷിനെയാണ് കാട്ടാക്കട പോക്സോ കോടതി ശിക്ഷിച്ചത്. 23 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച കോടതി, പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി 13 മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണമെന്നും ഉത്തരവിട്ടു.
2013-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ നിന്നും ആരോഗ്യ ഇൻഷുറൻസ് കാർഡ് എടുക്കുന്നതിനായി പോയ അതിജീവിതയെ പ്രതി തട്ടിക്കൊണ്ടു പോവുകയും ഗുരുവായൂരിൽ എത്തിക്കുകയും തുടർന്ന്, വീട് വാടകയ്ക്കെടുത്ത് പീഡിപ്പിക്കുകയും ആയിരുന്നുവെന്നാണ് കേസ്. മകളെ കാണാതായതിനെ തുടർന്ന്, മാതാവും ബന്ധുക്കളും പൊലീസിൽ പരാതി നൽകി. കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തൃശൂരിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്ന്, നടത്തിയ കൗൺസിലിങ്ങിലാണ് അതിജീവിത പീഡനത്തിനിരയായ വിവരം പൊലീസിനോട് വെളിപ്പെടുത്തിയത്.
മലയിൻകീഴ് സബ് ഇൻസ്പെക്ടർ ആയിരുന്ന റിയാസ് രാജ, കാട്ടാക്കട സി.ഐ ആയിരുന്ന ശ്രീകുമാർ എന്നിവരാണ് അന്വേഷണം പൂർത്തിയാക്കിയത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 21 സാക്ഷികളെ വിസ്തരിച്ചു 19 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ പ്രമോദ് കോടതിയിൽ ഹാജരായി.
Post Your Comments