ബെംഗളൂരു: വിവാഹത്തിന് ശേഷവും പഴയ കാമുകനുമായുള്ള ബന്ധം തുടർന്ന പതിനേഴുകാരിയെ പിതാവ് കൊലപ്പെടുത്തി. കോലാറിലെ മുളബാഗലിലുള്ള മുസ്തൂരു ഗ്രാമത്തിലാണ് സംഭവം. ഒന്നാംവർഷ പ്രീ യൂണിവേഴ്സിറ്റി വിദ്യാർഥിനിയായ അർച്ചിതയെ പിതാവ് രവി (54) കൊലപ്പെടുത്തി മൃതദേഹം കത്തിച്ചുകളയുകയായിരുന്നു. കഴിഞ്ഞ മേയിൽ നടന്ന സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നത്. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ നംഗലി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ബന്ധുവായ യുവാവുമായി അർച്ചിത പ്രണയത്തിലായിരുന്നു. ഈബന്ധത്തെ രവി എതിർത്തു. ബന്ധം ഒഴിവാക്കാനായി മകളെ മറ്റൊരു യുവാവിന് വിവാഹംചെയ്തുകൊടുത്തു. പക്ഷേ, മകൾ ഭർതൃവീട്ടിൽ നിൽക്കാൻ കൂട്ടാക്കിയില്ല. അർച്ചിത ആദ്യബന്ധം ഫോൺ വഴി തുടരുകയുംചെയ്തു. ഇത് മനസ്സിലാക്കിയ ഭർത്താവ് രവിയെ വിളിച്ചുവരുത്തി മകളെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. രോഷാകുലനായ രവി മകളെ തന്റെ ഫാംഹൗസിൽ കൂട്ടിക്കൊണ്ടുപോയി തല്ലിക്കൊല്ലുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തുടർന്ന് തെളിവുകൾ നശിപ്പിക്കാനായി മൃതദേഹം കത്തിച്ചു. പിന്നീട് മകളെ കാണാതായതായി പോലീസിൽ പരാതി നൽകുകയായിരുന്നു.
ഇതിൽ അന്വേഷണം നടത്തുന്നതിനിടെ പോലീസിന് ആരോ അയച്ച കത്തിലെ വിവരങ്ങളിൽനിന്നാണ് കൊലക്കേസിന് തുമ്പുണ്ടാക്കാനായത്. മൃതദേഹം കത്തിച്ച സ്ഥലത്തെത്തി പോലീസ് തെളിവുകൾ ശേഖരിച്ചു. കൊലപാതകത്തിന് പുറമെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കുറ്റവും രവിയുടെപേരിൽ ചുമത്തിയതായി കോലാർ ജില്ലാ പോലീസ് മേധാവി എം. നാരായൺ പറഞ്ഞു.
Post Your Comments