ബംഗളൂരു: വെള്ളത്തില്‍ വീണു മരിച്ച മക്കളുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പില്‍ സൂക്ഷിച്ച് മാതാപിതാക്കള്‍. ഹാവേരി ജില്ലയിലാണ് വേറിട്ട സംഭവം അരങ്ങേറിയത്. നാഗരാജ് ലങ്കര്‍ (11), ഹേമന്ത് ഹരിജന്‍ (12) എന്നീ ആണ്‍കുട്ടികളാണ് ഞായറാഴ്ച തടാകത്തില്‍ മുങ്ങി മരിച്ചത്.
മക്കള്‍ക്ക് ജീവന്‍ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് 200 കിലോ ഉപ്പിൽ മണിക്കൂറുകളോളം മൃതദേഹങ്ങള്‍ സൂക്ഷിച്ചത്. സാമൂഹിക മാധ്യമത്തില്‍ കണ്ട ഒരു പോസ്റ്റാണ് ഇതിനു കാരണം. മൃതദേഹങ്ങള്‍ ഉപ്പ് നിറച്ച ഷീറ്റ് കൊണ്ട് മൂടുകയായിരുന്നു. എന്നാൽ, ആറു മണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടികള്‍ക്ക് ജീവന്‍ തിരിച്ചുകിട്ടാതെ വന്നതോടെ മാതാപിതാക്കള്‍ നിരാശരായി. തുടര്‍ന്ന് പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മാതാപിതാക്കളെ പൊലീസ് ബോധ്യപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.
മക്കള്‍ നഷ്ടപ്പെട്ടതോടെ നിരാശയിലായ ഇവർ എങ്ങനെയും കുഞ്ഞുങ്ങളെ തിരിച്ചു കിട്ടണമെന്ന ആഗ്രഹത്തിലായിരുന്നു. അതിനാലാണ് 5000 രൂപ മുടക്കി 200 കിലോ ഉപ്പ് വാങ്ങി പരീക്ഷണം നടത്താന്‍ മാതാപിതാക്കള്‍ തയ്യാറായതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Post Your Comments