പാലക്കാട്: രണ്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നാലംഗ കവർച്ചാ സംഘത്തെ അറസ്റ്റ് ചെയ്ത് പൊലീസ്. പാലക്കാട് ടൗൺ കേന്ദ്രീകരിച്ച് രാത്രിസമയങ്ങളിൽ ജനങ്ങളെ കൊള്ളയടിക്കുന്ന സംഘമാണ് പിടിയിലായത്. രണ്ട് കൗമാരക്കാർക്ക് പുറമേ ആലത്തൂർ വാവുപുളിയാർ സ്വദേശി അൻവർ തിരുനെല്ലായ വെണ്ണക്കര സ്വദേശി സനൽ എത്തിവരെയാണ് കഞ്ചിക്കോട് സ്വദേശിയുടെ പരാതിയെ തുടർന്ന് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
നേരം ഇരുട്ടിയാൽ നഗരത്തിൽ നാലംഘ സംഘമിറങ്ങും. ഒറ്റയ്ക്ക് സഞ്ചരിക്കുന്നവരാണ് സംഘത്തിന്റെ ലക്ഷ്യം. ട്രെയിൻ, ബസ് യാത്ര കഴിഞ്ഞും നഗരത്തിലൂടെ നടന്നുവരുന്ന യാത്രക്കാരെ അക്രമിച്ച് കയ്യിലുള്ള സ്വർണവും പണവും കവരുന്നതാണ് സംഘത്തിന്റെ രീതി. കഴിഞ്ഞദിവസം പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിൽ നിന്നും പുലർച്ചെ അഞ്ചു മണിയോടെ കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് നടന്നു വരികയായിരുന്ന കഞ്ചിക്കോട് സ്വദേശിയെ സംഘം തടഞ്ഞുനിർത്തി പണം ആവശ്യപ്പെട്ടു. പണമില്ലെന്ന് അറിയിച്ചതോടെ ഗൂഗിൾപേയിൽ പണം അയക്കാൻ നിർബന്ധിച്ചു.
ഇതും ഇല്ലെന്ന് പറഞ്ഞതോടെ ഇയാളുടെ കൈയിലുണ്ടായിരുന്ന എടിഎം കാർഡ് തട്ടിയെടുത്തു. പിൻ നമ്പറിനായി ഇയാളെ സംഘം മർദ്ദിക്കുകയും ശേഷം തലയ്ക്കടിച്ച് ബോധരഹിതനാക്കുകയും ചെയ്തു. ഇയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യം പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. ആലത്തൂർ സ്വദേശിയായ അൻവർ മുൻപ് കൊലപാതകം, കവർച്ച ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്.
ദിവസേന രാത്രി വീട്ടിൽ നിന്നും ഫുട്ബോൾ പ്രാക്ടീസിനായി എന്ന വ്യാജേനയാണ് പ്രായപൂർത്തിയാകാത്ത രണ്ടുപേരും ടൗണിലെത്തുന്നതെന്ന് പൊലീസ് പറയുന്നു. ഈ കുട്ടികളെ ലഹരിയും മറ്റും നൽകി കൂടെ കൂട്ടി ഇവരുടെ സഹായത്തോടെയാണ് അൻവറും സംഘവും കവർച്ച നടത്തി വന്നത്. പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments