പത്തനംതിട്ട: തീർത്ഥാടകരുടെ സൗകര്യാർത്ഥം നിർമ്മിക്കുന്ന ശബരിമല വിമാനത്താവളത്തിന്റെ സ്ഥലം ഏറ്റെടുക്കൽ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ തീരുമാനം. കോട്ടയം തഹസിൽദാർക്കാണ് സ്ഥലമെടുപ്പ് ചുമതല. ഇതിനായി പ്രത്യേക ഓഫീസും ആരംഭിക്കുന്നതാണ്. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്കു മുൻപാണ് സർക്കാർ ഉത്തരവിറക്കിയത്. ഇതിനുശേഷമാണ് തഹസിൽദാരുടെ ചുമതലയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്. സാമൂഹ്യാഘാത പഠന റിപ്പോർട്ട് വിലയിരുത്തി വിദഗ്ധസമിതി സമർപ്പിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഉത്തരവ്. അതേസമയം, പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ സർവ്വേ നടപടികൾക്ക് തുടക്കമാകും.
പ്രാഥമിക വിജ്ഞാപനം ഇറക്കി ഒരു വർഷത്തിനകം 19(1) വിജ്ഞാപനം വരുമ്പോഴേക്കാണ് എത്ര സ്ഥലം ഏറ്റെടുക്കുമെന്നതിനെ കുറിച്ചുള്ള അന്തിമരൂപം ലഭിക്കുകയുള്ളൂ. ഇതിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാര വിതരണം ആരംഭിക്കുന്നതാണ്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 1,039.876 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായാൽ 2027-ന് മുൻപു തന്നെ വിമാനത്താവളത്തിന്റെ നിർമ്മാണവും പൂർത്തിയാക്കും. കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ മാതൃകയിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തിലാകും നിർമ്മാണം.
Post Your Comments