ന്യൂഡൽഹി: നികുതി വരുമാനത്തിന്റെ പേരിൽ കേന്ദ്ര സർക്കാറിനെതിരെ അടിസ്ഥാനരഹിതമ്മായ ആവശ്യം ഉന്നയിക്കുകയും മര്യാദയില്ലാതെ സംസാരിക്കുകയും ചെയ്ത തമിഴ്നാട് മുഖ്യമന്ത്രിയുടെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് ശക്തമായ മറുപടിയുമായി കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമൻ. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് കേന്ദ്രമന്ത്രി ഉദയനിധിക്ക് മുന്നറിയിപ്പ് നൽകി.
തങ്ങൾ ചോദിക്കുന്നത് ആരുടെയും അച്ഛന്റെ പണമല്ലെന്നും തമിഴ്നാട്ടിലെ ജനങ്ങൾ നൽകിയ നികുതിപ്പണമാണ് എന്നുമായിരുന്നു ഉദയനിധിയുടെ വാക്കുകൾ. ഇതിന് മറുപടിയായി, താങ്കൾ ഇരിക്കുന്ന പദവിയെ സ്വയം മാനിക്കണമെന്ന് നിർമല ഉദയനിധിയോട് പറഞ്ഞു. അച്ഛന്റെ പണം എന്നൊക്കെയാണ് താങ്കൾ പറയുന്നത്. അച്ഛന്റെയും അപ്പൂപ്പന്റെയും ചിലവിലായിരിക്കും താങ്കൾ അധികാരം നേടിയത്.
എന്നാൽ, ഞാൻ അത് ചോദിക്കുന്നില്ല. അച്ഛൻ, അമ്മ തുടങ്ങിയ വാക്കുകൾ ഉച്ചരിക്കുമ്പോൾ അൽപ്പം ബഹുമാനമൊക്കെ ആകാം. അത് ഒരു സംസ്കാരത്തിന്റെ ഭാഗമാണെന്നും, പണം കൊടുത്ത് നേടാവുന്നതല്ലെന്നും നിർമല സീതാരാമൻ വ്യക്തമാക്കി. അതേസമയം, ഉദയനിധി സ്റ്റാലിൻ ഉന്നയിച്ച രാഷ്ട്രീയ വിമർശനത്തിനും നിർമല സീതാരാമൻ വ്യക്തമായ മറുപടി നൽകി.
തമിഴ്നാടിന്റെ എന്നല്ല, ഒരു സംസ്ഥാനങ്ങളുടെയും പണം കേന്ദ്ര സർക്കാർ അന്യായമായി തടഞ്ഞ് വെച്ചിട്ടില്ല. കണക്കുകൾ എല്ലാം കൃത്യമായി പാർലമെന്റിലും ജിഎസ്ടി കൗൺസിൽ യോഗങ്ങളിലും വ്യക്തമാക്കാറുണ്ട്. ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ വ്യവസ്ഥാപിതമായ മാർഗങ്ങളിലൂടെ ഉന്നയിച്ചാൽ ആധികാരികമായി മറുപടി നൽകുന്നതാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
Post Your Comments