കൊച്ചി: യു.കെ, സിംഗപ്പൂർ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ജോലികൾക്കായി വിസ വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്നായി 1.90 കോടി രൂപ തട്ടിയ ദമ്പതികൾ അറസ്റ്റിൽ. കലൂർ അശോക റോഡിൽ ടാലൻറിവിസ് എന്ന പേരിൽ വ്യാജ റിക്രൂട്ട്മെൻറ് സ്ഥാപനം നടത്തിയ കൊടുങ്ങല്ലൂർ ശൃംഗപുരം ഭാരതീയ വിദ്യാഭവൻ സ്കൂളിനുസമീപം അനീഷ്(45), ഭാര്യ കൊല്ലം ഈസ്റ്റ് കല്ലട മണിവീണ വീട്ടിൽ ചിഞ്ചു എസ്. രാജ്(45) എന്നിവരെയാണ് പിടികൂടിയത്. ടൗൺ നോർത്ത് പൊലീസ് ആണ് പിടികൂടിയത്.
Read Also : വാട്സ്ആപ്പിൽ ഇനി ഒന്നിച്ചിരുന്ന് പാട്ടും കേൾക്കാം! കിടിലൻ ഫീച്ചർ ഉടൻ എത്തിയേക്കും
ഡിജിറ്റൽ മാർക്കറ്റിങ് സൈറ്റ് വഴി പരസ്യം ചെയ്താണ് പ്രതികൾ ഉദ്യോഗാർഥികളെ ആകർഷിച്ചത്. പണം നേരിട്ട് കൈപ്പറ്റാതെ പെരുമ്പാവൂർ സ്വദേശിയായ ഏജൻറ് ബിനിൽകുമാർ മുഖേനയാണ് പണം വാങ്ങിയത്. ബിനിൽകുമാറിന്‍റെ പരാതിയിൽ നോർത്ത് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. നിരവധി ഉദ്യോഗാർഥികളുടെ പാസ്പോർട്ട് അടക്കം രേഖകളും വിവിധ തരത്തിലുള്ള സീലുകളും പ്രതികളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ചിഞ്ചു നേരത്തേ ഡൽഹിയിൽ ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തിട്ടുണ്ട്. ഈ പരിചയമാണ് തട്ടിപ്പിന് ഉപയോഗപ്പെടുത്തിയത്.
നോർത്ത് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതാപ്ചന്ദ്രന്‍റെ നേതൃത്വത്തിൽ എസ്.ഐ ടി.എസ്. രതീഷ്, എൻ.ഐ. റഫീഖ്, സീനിയർ സി.പി.ഒ വാസവൻ, സി.പി.ഒമാരായ വിനീത്, ലിബിൻരാജ്, ജിത്തു, വനിത പൊലീസുകാരായ ജയ, സുനിത എന്നിവരാണ് അന്വേഷണം നടത്തിയത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.
Post Your Comments