രാജ്യത്ത് അരിയുടെ സ്റ്റോക്ക് യഥേഷ്ടമെങ്കിലും ആഭ്യന്തര വിപണിയിൽ കുത്തനെ ഉയർന്ന് അരിവില. ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീം പ്രകാരം, ചില്ലറ വിൽപ്പന വിപണിയിൽ കിലോയാക്ക് 43 രൂപ മുതൽ 50 രൂപ നിരക്കിലാണ് അരി വിൽക്കുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കർശന നടപടി സ്വീകരിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് വ്യാപാര അസോസിയേഷനുകൾക്ക് നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം ബസുമതി ഇതര വെള്ള അരിയുടെ ആഭ്യന്തര വില അവലോകനം ചെയ്യാൻ ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്ര വ്യാപാര മേഖലയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഈ വർഷം ജൂലൈയിൽ ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതി നിരോധിച്ചിരുന്നു. കൂടാതെ, ആഭ്യന്തര ലഭ്യത ഉറപ്പുവരുത്താൻ 20 ശതമാനം കയറ്റുമതി തീരുവ ചുമത്തിയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ധാരാളം സ്റ്റോക്ക് ഉണ്ടെങ്കിലും, അരിയുടെ ആഭ്യന്തര വില ഉയരുന്നത് യോഗത്തിൽ ചർച്ചയായി. അരി കയറ്റുമതിയിൽ വിവിധ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും, വില വർദ്ധിക്കുന്ന സാഹചര്യം തുടരുകയാണ്.
Also Read: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; 7 പേര്‍ക്ക് പരിക്ക്
മൊത്തക്കച്ചവടക്കാരും ചില്ലറ വ്യാപാരികളും ലാഭമെടുക്കുന്നതിൽ കുത്തനെ വർദ്ധനയുണ്ടായതായി റിപ്പോർട്ടുകൾ ഉണ്ട്. എംആർപിയും യഥാർത്ഥ റീട്ടെയിൽ വിലയും തമ്മിൽ വലിയ അന്തരം നിലനിൽക്കുന്നുണ്ട്. യഥാർത്ഥ വിലയ്ക്ക് അരി ലഭ്യമാക്കുന്നതിന് കർശന നടപടിയുണ്ടാകുമെന്നും കേന്ദ്രം അറിയിച്ചു.
Post Your Comments