ന്യൂഡൽഹി: കൊളോണിയല്‍ പാരമ്പര്യം പേറുന്ന രാജ്യത്തെ ക്രിമിനല്‍ നിയമങ്ങളുടെ ഭേദഗതി ബില്ലുകള്‍ക്ക് ലോക്‌സഭയുടെ അംഗീകാരം. ഭാരതീയ ന്യായ (രണ്ടാം) സൻഹിത, 2023, ഭാരതീയ നാഗരിക് സുരക്ഷാ (രണ്ടാം) സൻഹിത, 2023, ഭാരതീയ സാക്ഷ്യ (രണ്ടാം) ബിൽ, 2023 എന്നീ മൂന്ന് ക്രിമിനൽ കോഡ് ബില്ലുകൾ ലോക്‌സഭ ബുധനാഴ്ച പാസാക്കി. ഈ കാലഘട്ടത്തിന് യോജിക്കാത്ത, കൊളോണിയൽ കാലഘട്ടത്തിലെ നിയമങ്ങൾക്ക് പകരമാണ് പുതിയ നിയമങ്ങൾ എന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു.
‘ഇന്ത്യൻ ഭരണഘടനയ്ക്കും ഇന്ത്യൻ ജനങ്ങൾക്കും ഊന്നൽ നൽകുന്നതാണ് പുതിയ നിയമങ്ങൾ. പുതിയ ക്രിമിനൽ നിയമങ്ങൾ വളരെ സൂക്ഷമായി വിലയിരുത്തി. ഭരണഘടനയുടെ ആത്മാവിന് ഏറ്റവും ഉചിതമായവയാണ് അത്. ചില മാറ്റങ്ങളോടെയാണു പുതിയ നിയമങ്ങൾ അവതരിപ്പിച്ചത്. സ്റ്റാൻഡിങ് കമ്മിറ്റി ബില്ലുകളെക്കുറിച്ച് വിശദമായ പഠനം നടത്തി. മൂന്ന് നിയമങ്ങൾ കൊളോണിയൽ ചിന്താഗതിയിൽനിന്ന് ജനങ്ങളെ മോചിപ്പിക്കും’, അമിത് ഷാ പറഞ്ഞു.
അതേസമയം, ക്രിമിനൽ ബില്ലുകൾക്കൊപ്പം അധോസഭ ടെലികമ്മ്യൂണിക്കേഷൻ ബില്ലും ലോക്സഭ പാസാക്കി. ബില്ലുകൾ പാസാക്കിയ ശേഷം സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ എംപിമാരില്‍ ഭൂരിഭാഗവും സസ്‌പെന്‍ഷന്‍ നടപടി നേരിട്ടിരിക്കെയാണ് ഐപിസി, സിആര്‍പിസി എന്നിവയ്ക്ക് പകരമായുള്ള നിര്‍ണായക നിയമ നിര്‍മ്മാണത്തിന് ലോക്സഭ അംഗീകാരം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പ്രതിപക്ഷ ബെഞ്ചിലെ 143 അംഗങ്ങളെ സസ്പെൻഡ് ചെയ്തിരുന്നു. ഭീകരവാദത്തിന്റെ വിപുലീകരിച്ച നിർവചനം, ആൾക്കൂട്ട കൊലപാതകത്തിനുള്ള ശിക്ഷ തുടങ്ങി നിരവധി മാറ്റങ്ങളുമായാണ് പുതിയ ക്രിമിനൽ നിയമങ്ങളെത്തുന്നത്. ഇതിനുപുറമെ പല സുപ്രധാന മാറ്റങ്ങളും ബില്ലിൽ ഉൾപ്പെടുന്നുണ്ട്. പുതിയ ഭേദഗതിയോടെ സിആര്‍പിസിയില്‍ 9 പുതിയ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments