KeralaLatest NewsNews

സമഗ്രമായ കേരള നഗരനയ കമ്മീഷൻ രൂപീകരിക്കും: തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: സമഗ്രമായ കേരള നഗരനയ കമ്മീഷൻ രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നഗരവൽക്കരണവുമായി ബന്ധപ്പെടുത്തി കേരളത്തിന്റെ വികസനത്തെ സഹായിക്കുന്നതിന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചതനുസരിച്ചാണിത്.

Read Also: യുഡിഎഫ് എംപിമാരെ കൊണ്ട് കേരളത്തിന് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല: മുഖ്യമന്ത്രി

ഈ മേഖലയിലെ വിദഗ്ദ്ധനായ ഡോ എം സതീഷ് കുമാർ ആയിരിക്കും കമ്മിഷൻ അദ്ധ്യക്ഷൻ. യുകെയിലെ ബെൽഫാസ്റ്റ് ക്വീൻസ് യൂണിവേഴ്‌സിറ്റിയിൽ സീനിയർ അസ്സോഷിയേറ്റ് പ്രൊഫസർ ആണ് ഇദ്ദേഹം. സഹ അധ്യക്ഷരായി കൊച്ചി മേയർ അഡ്വക്കേറ്റ് എം അനിൽ കുമാർ, അഹമ്മദാബാദ് സെപ്റ്റ് മുൻ അധ്യാപകനും നഗരാസൂത്രണ വിദഗ്ദ്ധനുമായ ഡോ ഇ നാരായണൻ എന്നിവരെയാണ് തീരുമാനിച്ചിട്ടുള്ളത്.

തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മെമ്പർ സെക്രട്ടറിയാവും. സംസ്ഥാന, ദേശീയ, അന്തർദേശീയ തലത്തിൽ പ്രവർത്തന പരിചയമുള്ള ഡോ ജാനകി നായർ, കൃഷ്ണദാസ് (ഗുരുവായൂർ), ഡോ കെ എസ് ജെയിൻസ്, വി സുരേഷ്, ഹിതേഷ് വൈദ്യ, ഡോ അശോക് കുമാർ, ഡോ വൈ വി എൻ കൃഷ്ണമൂർത്തി, പ്രൊ കെ ടി രവീന്ദ്രൻ, തെക്കിന്ദർ സിങ് പൻവാർ എന്നീ വിദഗ്ദ്ധ അംഗങ്ങൾ ചേർന്നതാണ് കമ്മീഷൻ.

ഒരു വർഷത്തെ പ്രവർത്തന കാലാവധിയാണ് കമ്മീഷനുള്ളത്. കിലയുടെ നഗരഭരണ പഠന കേന്ദ്രമായിരിക്കും കമ്മീഷൻ സെക്രട്ടറിയേറ്റായി പ്രവർത്തിക്കുന്നത്. ഇതിനായി ഒരു നഗര നയ സെൽ രൂപീകരിക്കും. ലോകത്തെ വിവിധ നഗരങ്ങളിൽ പരന്നു കിടക്കുന്ന സമൂഹം എന്ന നിലയിൽ ആഗോളമായി ബന്ധപ്പെട്ട് കിടക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം നഗരവൽക്കരണത്തെ കുറിച്ചുള്ള ആഗോള കാഴ്ചപ്പാട് വികസിപ്പിക്കുന്നതിന് കമ്മിഷൻ പ്രവർത്തനം സഹായകമാവും. കാലാവസ്ഥാ വ്യതിയാനം ഏറ്റവും ശക്തമായി ബാധിച്ച സംസ്ഥാനം എന്ന നിലയിലും അതീവ സങ്കീർണമായ നഗരവൽക്കരണ പ്രക്രിയയ്ക്ക് വിധേയമാവുന്ന പ്രദേശം എന്ന നിലയിലും കേരളത്തിന്റെ നഗരവൽക്കരണത്തിന്റെ വിവിധ വശങ്ങൾ മനസ്സിലാക്കുന്നതിന് ഇതിലൂടെ കഴിയും.

കേരളത്തിന്റെ അടുത്ത 25 വർഷത്തെ വികസന പ്രവർത്തനങ്ങൾക്ക് വഴിതെളിക്കാൻ സഹായിക്കുന്ന വിധത്തിൽ കമ്മീഷന്റെ കണ്ടെത്തലുകളും ശുപാർശകളും ഉപയോഗിക്കാൻ കഴിയുമെന്നാണ് പ്രതീഷിക്കുന്നത്. നഗര നയം രൂപീകരിക്കുന്നതിന് സാമ്പത്തികമായ പിന്തുണ നൽകുന്നതിനുള്ള വ്യവസ്ഥകൾ റീ ബിൽഡ് കേരള, ജർമ്മൻ വികസന ബാങ്കായ കെ. എഫ് ഡബ്‌ള്യു വുമായി ബന്ധപ്പെട്ട പദ്ധതി, കേരള ഖരമാലിന്യ പരിപാലന പദ്ധതി, അമൃത് എന്നീ പദ്ധതികളിൽ ഉണ്ട്. പുതിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കാത്ത വിധത്തിൽ കമ്മീഷന്റെ പ്രവർത്തനത്തിന് ഇത്തരം ഏജൻസികൾ ഈയാവശ്യത്തിനായി നീക്കി വച്ചിട്ടുള്ള ഗ്രാന്റ് ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.

2035 ഓടെ 92.8 ശതമാനത്തിന് മുകളിൽ നഗരവൽക്കരിക്കപ്പെട്ട സംസ്ഥാനമായി കേരളം മാറുമെന്നാണ് ദേശീയ ജനസംഖ്യാ കമ്മിഷൻ വിലയിരുത്തൽ. കേന്ദ്ര സർക്കാർ കരട് നഗര നയത്തിന്റെ ചട്ടക്കൂട് 2018ൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. നഗര വികസനം സംസ്ഥാന വിഷയമായതിനാൽ ഓരോ സംസ്ഥാനവും പ്രത്യേകമായി നഗര നയം പ്രസിദ്ധപ്പെടുത്തണമെന്ന് ഈ റിപോർട്ട് ശുപാർശ ചെയ്തു. അർബൻ കമ്മീഷൻ രൂപീകരിക്കുന്നതിലൂടെ ആദ്യമായി സ്വന്തം നഗര നയം രൂപീകരിക്കുന്ന സംസ്ഥാനമായി കേരളം മാറും.

Read Also: ‘നെഞ്ച് പിടഞ്ഞു, ഒരുപാട് ഇഷ്ടം ഉള്ളതെല്ലാം നഷ്ടപ്പെടും എന്ന തിരിച്ചറിവ്, വീണ്ടും എന്നെ ആ നരകയാതനയിലേക്ക് വലിച്ചിട്ടു’

shortlink

Related Articles

Post Your Comments

Related Articles


Back to top button