തിരുവനന്തപുരം: പ്രമുഖ നടനായ സായികുമാറിനെ നാട്ടിലെത്തിക്കാന്‍ അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ സഹായം തേടിയെന്നുള്ള സംവിധായകന്‍ സിദ്ദിഖിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ഡി കമ്പനിയാണെന്ന തന്റെ ആരോപണത്തെ ശരിവക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഹിറ്റ്‌ലര്‍ സിനിമയുടെ ഷൂട്ടിങ്ങിനായി നടന്‍ സായികുമാറിനെ ദുബായില്‍ നിന്ന് എത്തിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആളുകളുടെ സഹായം തേടിയെന്നാണ് സംവിധായകന്‍ സിദ്ദിഖ് വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…
‘1993 ലാണ് മുംബൈ സീരിയല്‍ ബോംബ് ബ്ലാസ്റ്റ് നടക്കുന്നത്. ഹിറ്റ്ലര്‍ സിനിമ ഷൂട്ടിങ് നടക്കുന്ന 95 – 96 സമയം , ദാവൂദ് ഇബ്രാഹിമിന്റെ ചോരക്കായി ഇന്ത്യന്‍ ഏജന്‍സികള്‍ ഓടി നടക്കുന്ന കാലം. ബോളിവുഡ് താരങ്ങള്‍ പോലും ഡി കമ്പനിയുമായി സംസാരിക്കാന്‍ ഭയന്ന കാലം . സഞ്ജയ് ദത്ത് അടക്കം അറസ്റ്റിലായ കാലത്ത് മലയാള സിനിമയിലെ നടന്‍ സായികുമാറിനെ ദുബായില്‍ നിന്ന് നാട്ടിലെത്തിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആളുകളുടെ സഹായം തേടി എന്നാണ് സംവിധായകന്‍ സിദ്ദീഖ് മാതൃഭൂമി പ്രസിദ്ധീകരണമായ സ്റ്റാര്‍ ആന്‍ഡ് സ്റ്റയിലിന് മാര്‍ച്ചില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത് . മലയാള സിനിമയെ നിയന്ത്രിക്കുന്നത് ഡി കമ്പനിയാണെന്ന എന്റെ ആരോപണത്തെ ശരിവയ്ക്കുന്ന വസ്തുതയാണ് സിദ്ദീഖ് തുറന്ന് പറഞ്ഞിരിക്കുന്നത്. വിശദമായ അന്വേഷണം ആവശ്യമാണ്’ .
മലയാള സിനിമ മുമ്പും പല വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്. കള്ളപ്പണം, സ്വര്‍ണക്കടത്ത് കേസുകള്‍ എല്ലാം നടക്കുന്നത് സിനിമയെ മറയാക്കിയാണെന്ന ആരോപണം അന്വേഷണസംഘങ്ങള്‍ ശരിവെയ്ക്കുന്നു. ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചില സംഘങ്ങളാണ് ഇതിന് പിന്നിലെന്നും കണ്ടെത്തിയിട്ടുണ്ട്. സംവിധായകന്‍ സിദ്ദിഖിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ മലയാള സിനിമാ മേഖലയെ ഉലച്ചിരിക്കുകയാണ്.
Post Your Comments