പാകിസ്ഥാനിലെ സ്ത്രീ സമൂഹത്തിന്റെ ജീവിത സാഹചര്യം വളരെ കഷ്ടമാണെന്ന് തുറന്നു പറഞ്ഞ് നടി ആയിഷ ഒമർ. ബലാത്സംഗം ചെയ്യപ്പെടുമോ എന്ന ഭയത്തിലാണ് പാകിസ്ഥാനില്‍ താന്‍ അടക്കമുള്ള സ്ത്രീകള്‍ ജീവിക്കുന്നതെന്ന് താരം പറഞ്ഞു. കറാച്ചിയില്‍ വച്ച് തന്നെ രണ്ട് തവണ തട്ടിക്കൊണ്ടു പോയിരുന്നുവെന്ന ആരോപണവും ആയിഷ ഉയർത്തുന്നുണ്ട്. ആയിഷ ഒരു പോഡ്കാസ്റ്റില്‍ പങ്കുവച്ച അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
‘എനിക്ക് ഇവിടെ സുരക്ഷിതമായി തോന്നുന്നില്ല. ഒരോ മനുഷ്യനും പുറത്തിറങ്ങി ശുദ്ധ വായു ശ്വസിക്കാന്‍ ആഗ്രഹം കാണും എന്നാല്‍ അതിനായി എനിക്ക് ഇവിടെ റോഡില്‍ നടക്കാന്‍ സാധിക്കില്ല. ഒന്ന് തെരുവില്‍ സൈക്കിള്‍ ഓടിക്കാന്‍ പോലും ആകില്ല. കറാച്ചിയിലെ ജീവിതം സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉണ്ടാക്കുന്നു. പാകിസ്ഥാനി സ്ത്രീ സമൂഹം വളരുന്നത് ഇവിടുത്തെ ആണുങ്ങള്‍ ഒരിക്കലും കണുന്നില്ല. പാകിസ്ഥാന്റെ പെണ്‍മുഖങ്ങളെ അവര്‍ ഭയക്കുന്നു അല്ലെങ്കില്‍ മനസിലാക്കുന്നില്ല. ഇത് ഒരോ സെക്കന്റിലും എന്നില്‍ ആശങ്കയുണ്ടാക്കുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ കറാച്ചിയിലേതിനേക്കാള്‍ ലാഹോറില്‍ തനിക്ക് സുരക്ഷിതത്വം തോന്നി.
അന്ന് ബസിലാണ് യാത്ര ചെയ്തിരുന്നത്. കറാച്ചിയില്‍ എന്നെ രണ്ടുതവണ തട്ടിക്കൊണ്ടുപോയി. വീണ്ടും തട്ടിക്കൊണ്ടു പോകപ്പെടുമോ, ബലാത്സംഗം ചെയ്യപ്പെടുമോ എന്ന് ഭയക്കാതെ സ്വതന്ത്രമായി പാക്കിസ്ഥാനില്‍ നടക്കാന്‍ കഴിയില്ല. സ്വാതന്ത്ര്യവും സുരക്ഷയും മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണ്. അത് ഇവിടെ ഇല്ല. വീട്ടില്‍ പോലും സുരക്ഷിതയല്ല. എല്ലാ രാജ്യത്തും കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ അവിടെ പുറത്തിറങ്ങി നടക്കാം. ഇവിടെ പാര്‍ക്കില്‍ പോയാല്‍ പോലും ഉപദ്രവമാണ്. എങ്കിലും ഞാന്‍ ഇഷ്ടപ്പെടുന്ന നാടാണ് പാകിസ്ഥാന്‍. പക്ഷെ എന്റെ സഹോദരന്‍ രാജ്യം വിട്ടു. അമ്മ ഉടന്‍ രാജ്യം വിടും’, നടി പറയുന്നു.
Post Your Comments