KeralaLatest News

ബ്ലഡി കണ്ണൂർ പരാമർശത്തിന് ​ഗവർണർ വലിയ വില നൽകേണ്ടി വരും: പി.പി ദിവ്യ

കണ്ണൂർ: ബ്ലഡി കണ്ണൂർ പരാമർശത്തിന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വലിയ വില നൽകേണ്ടിവരുമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ. ​ഗവർണറുടെ ബ്ലഡി കണ്ണൂർ എന്ന പരാമർശം ചൂണ്ടിക്കാട്ടി ​ഗവർണർക്കെതിരെ രൂക്ഷ വിമർശനമാണ് പി.പി ദിവ്യ ഉയർത്തുന്നത്. അധികം വൈകാതെ കുതിരവട്ടത്ത് ​ഗവർണർക്ക് ഒരു മുറി വേണ്ടിവരുമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.

‘ബ്ലഡി കണ്ണൂർ. മിസ്റ്റർ ആരിഫ് ഖാൻ ഈ പരാമർശത്തിന് അങ്ങ് വലിയ വില നൽകേണ്ടി വരും. അധികം വൈകാതെ കുതിരവട്ടത്തേക് ഒരു മുറി അങ്ങയ്ക്കു ആവശ്യമായി വരും’ -ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐയും രംഗത്തെത്തി. ‘സംഘി ചാൻസിലർ ക്വിറ്റ് കേരള’ എന്ന മുദ്രാവാക്യമുയർത്തി ഇന്ന് സംസ്ഥാനത്തെ 2,000 കേന്ദ്രങ്ങളിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്നും പ്രതിഷേധ ബാനർ ഉയർത്തുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

ഡിവൈഎഫ്ഐ പ്രസ്താവന: ‘കേരളത്തിലെ സർവ്വകലാശാലകളെ കാവിവത്ക്കരിക്കാൻ വേണ്ടി സെനറ്റിൽ ആർഎസ്എസുകാരെ കുത്തിതിരുകിയ ചാൻസിലറായ ഗവർണർക്കെതിരെ വിദ്യാർഥികൾ അതിശക്തമായ പോരാട്ടം നടത്തി കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ഭരണഘടന അംഗീകരിക്കാത്ത, ഭരണഘടന തത്വങ്ങൾ അട്ടിമറിക്കുന്ന കേരളത്തിലെ ജനങ്ങൾ തിരഞ്ഞെടുത്ത നിയമനിർമ്മാണ സഭയുടെ തീരുമാനങ്ങളെ അംഗീകരിക്കാത്ത ‘സംഘി ചാൻസിലർ ക്വിറ്റ് കേരള’ എന്ന മുദ്രാവാക്യമുയർത്തി ഡിസംബർ 18ന് കേരളത്തിലെ 2000 കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ പ്രതിഷേധ യോഗം സംഘടിപ്പിക്കുകയും തെരുവുകളിൽ പ്രതിഷേധ ബാനർ ഉയർത്തുകയും ചെയ്യും.’

കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരായ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയും രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് ആർഷോ വ്യക്തമാക്കിയത്. നാളെ നേരം പുലരും മുമ്പ് നൂറോളം ബാനറുകൾ ഗവർണർക്കെതിരെ ക്യാമ്പസിൽ ഉയർത്തുമെന്നും ക്യാമ്പസുകളെ കാവിവത്ക്കരിക്കാൻ അനുവദിക്കില്ലെന്നും ആർഷോ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിനിടെ ക്യാമ്പസിൽ വീണ്ടും എസ്എഫ്‌ഐ പ്രവർത്തകർ ഗവർണർക്കെതിരെ ബാനർ ഉയർത്തി. ആർഷോയുടെ നേതൃത്വത്തിലെത്തിയ എസ്എഫ്‌ഐ പ്രവർത്തകരാണ് മുദ്രാവാക്യം വിളികളുമായി പൊലീസ് ബാരിക്കേഡിന് മുകളിൽ കയറി വീണ്ടും കറുത്ത ബാനർ ഉയർത്തിയത്. ശേഷം ക്യാമ്പസിനുള്ളിൽ പ്രവർത്തകർ ഗവർണർക്കെതിരെ മുദ്രാവാക്യം വിളിച്ച് കോലം കത്തിച്ചു.

ഗവർണർക്കെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും രംഗത്തെത്തി. സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകരുന്നുവെന്ന ഗവർണറുടെ ഭീഷണി കേരളത്തിൽ വിലപ്പോകില്ലെന്ന് ഗോവിന്ദൻ പറഞ്ഞു. ‘ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഗവർണർ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.’ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അംഗീകരിക്കാതെ മുന്നോട്ട് പോകുന്ന ഗവർണറുടെ നടപടിയാണ് ഭരണഘടനാ വിരുദ്ധമെന്ന് ഗോവിന്ദൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button