ഹൈന്ദവവിശ്വാസം അനുസരിച്ച് ത്രിമൂര്‍ത്തികളിലെ ഒരു മൂര്‍ത്തിയും സംഹാരത്തിന്റെ ദേവനുമാണ് ശിവന്‍. ഹിമവാന്റെ പുത്രിയായ ദേവി പാര്‍വ്വതിയാണ് ഭഗവാന്‍ ശിവന്റെ പത്‌നി. ദേവന്മാരുടേയും ദേവനായാണ് ശിവനെ ശൈവര്‍ ആരാധിക്കുന്നത്. ശിവന്റെ ആയുസ്സ് വിഷ്ണുവിന്റെ ആയുസ്സിന്റെ ഇരട്ടിയാണ്. ഗംഗയെ ശിവന്‍ ശിരസ്സില്‍ വഹിയ്ക്കുന്നു. ശിവന് കപര്‍ദ്ദം എന്നു പേരുള്ള ഒരു ചുവന്ന ജടയുണ്ട്. ശിവന്റെ ശിരസ്സില്‍ ഗംഗയും ചന്ദ്രനും സ്ഥിതി ചെയ്യുന്നു. ശിവന് മൂന്ന് കണ്ണുകളാണുള്ളത്. നെറ്റിയിലുള്ള മൂന്നാം കണ്ണ് അഥവാ തൃക്കണ്ണ് അഗ്‌നിമയമാണ്. ശിവന്‍ തന്റെ പ്രധാന ആയുധമായ ‘വിജയം’ ത്രിശൂലം സദാ വഹിയ്ക്കുന്നു. നന്ദി എന്ന വെളുത്ത കാളയാണ് വാഹനം. ശിവന്റെ കഴുത്തില്‍ മനുഷ്യത്തലയോടുകള്‍ കോര്‍ത്തുണ്ടാക്കിയ മുണ്ഡമാല കിടക്കുന്നു. ശിവന്‍ ഉടുക്കുന്നത് പുലിത്തോലും പുതയ്ക്കുന്നത് ആനത്തോലുമാണ്. ശിവന്‍ രണ്ടു കൈയ്യുള്ളദേവനായും എട്ടും പത്തും കൈകള്‍ ഉള്ളദേവനായും വര്‍ണ്ണിയ്ക്കപ്പെടാറുണ്ട്. ശിവന്റെ സര്‍വാംഗങ്ങളിലും പാമ്പുകള്‍ ആഭരണമായി ശോഭിയ്ക്കുന്നു.
ശിവന്‍ മിക്കവാറും എല്ലാ ദേവാസുരയുദ്ധങ്ങളിലും പങ്കെടുക്കുകയും നിരവധി അസുരന്മാരെ നിഗ്രഹിയ്ക്കുകയും ചെയ്തിരിക്കുന്നു. ഭാരതത്തില്‍ ശിവലിംഗത്തെ പൂജിയ്ക്കുന്ന ഒരു സമ്പ്രദായമുണ്ട്. ഓരോ കല്പത്തിന്റെ അന്ത്യത്തിലും ശിവനുള്‍പ്പെടെയുള്ള ത്രിമൂര്‍ത്തികള്‍ പരാശക്തിയില്‍ ലയിച്ചു ചേരുകയും വീണ്ടും സൃഷ്ടികാലത്ത് അവതരിയ്ക്കുകയും ചെയ്യുന്നതായാണ് വിശ്വാസം. ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നിവരാണ് ത്രിമൂര്‍ത്തികള്‍. ഭൈരവന്‍, ഭദ്രകാളി, വീരഭദ്രന്‍ എന്നിവരാണ് ഭൂതഗണങ്ങളില്‍ പ്രധാനികള്‍. ശിവന്റെ അനുചരന്‍മാരാണ് ഭൂതഗണങ്ങള്‍. ഗണപതി, സുബ്രഹ്മണ്യന്‍, ധര്‍മ്മശാസ്താവ് എന്നിവര്‍ പുത്രന്മാര്‍.
ശ്രീ അയ്യപ്പന്‍, മണികണ്ഠന്‍ എന്നിവര്‍ ധര്‍മ്മശാസ്താവിന്റെ അവതാരങ്ങളാണെന്നാണ് സങ്കല്പം കടുംനീല നിറത്തിലുള്ള കഴുത്ത് മൂലം ശിവന്‍ നീലലോഹിതന്‍ എന്നും അറിയപ്പെടാറുണ്ട്. പാര്‍വതി ഹൈന്ദവപുരാണങ്ങള്‍ പ്രകാരം പരമശിവന്റെ പത്‌നിയായ ദേവിയാണ് പാര്‍വ്വതി. പര്‍വ്വതരാജനായ ഹിമവാന്റെ പുത്രിയായതിനാലാണ് പാര്‍വ്വതി എന്ന പേരു വന്നത്.
ഗണപതി, സുബ്രമണ്യന്‍ എന്നിവര്‍ മക്കളാണ്. ഹിമവാന്റെയും അപ്‌സരസ്സായ മേനകയുടേയും പുത്രിയാണ് പാര്‍വ്വതി. ആദിപരാശക്തിയുടെ പൂര്‍ണ്ണാവതാരവും സര്‍വ്വഗുണസമ്പന്നയും, സക്ഷാല്‍ ത്രിപുര സുന്ദരിയും, പ്രകൃതിയും ആണ് ശ്രീ പാര്‍വ്വതി. പരമശിവനെയും പാര്‍വ്വതിയെയും ഈ പ്രപഞ്ചത്തിന്റെ മാതാപിതാക്കന്മാരായി കണക്കാക്കപ്പെടുന്നു. ലളിതാ സഹസ്രനാമത്തില്‍ ദുര്‍ഗ്ഗ, കാളി, ലളിത, ഭുവനേശ്വരി, ഭവാനി, അപര്‍ണ്ണ, ശൈലപുത്രി, ഗൗരി, കര്‍ത്ത്യായനി എന്നിങ്ങനെ ആയിരത്തോളം പേരുകള്‍ പാര്‍വ്വതിയുടേതായി പരാമര്‍ശിക്കുന്നുണ്ട്. പാര്‍വ്വതി സര്‍വ്വഗുണ സമ്പന്നയണ്. പരമശിവന്റെ കൂടെ ചിത്രീകരിക്കുമ്പോള്‍ പാര്‍വ്വതിക്ക് ഇരുകൈകള്‍ മാത്രമാണെങ്കിലും, ദുര്‍ഗ്ഗാ രൂപത്തിലും കാളിരൂപത്തിലും എട്ടും, പതിനെട്ടും കരങ്ങള്‍ ഉള്ളതായി ചിത്രീകരിക്കപ്പെടാറുണ്ട്. ത്രിപുര സുന്ദരി ആണെങ്കില്‍ നാലു കരങ്ങള്‍ ഉണ്ട്. പൊതുവെ പാര്‍വ്വതിയുടെ വാഹനം സിംഹം ആണ്. എന്നാല്‍ മഹാഗൗരി രൂപത്തില്‍ വൃഷഭം(കാള) ആണ് വാഹനം.
Post Your Comments