തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ, ശ്രീലങ്കൻ തീരത്തോട് ചേർന്ന് ഒരു ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീന ഫലമായാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. മഴ കനക്കുന്ന സാഹചര്യത്തിൽ ജില്ലകളിൽ ഓറഞ്ച്, യെല്ലോ എന്നീ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. അതേസമയം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മുന്നറിയിപ്പ് നൽകിയ ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. കാലാവസ്ഥ പ്രതികൂലമായി തുടരുന്ന സാഹചര്യത്തിൽ, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 45 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അപകടമേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം, സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കേണ്ടതാണ്.
Post Your Comments