Latest NewsKeralaNews

വയനാട്ടില്‍ നരഭോജി കടുവയ്ക്കായി ആറാം ദിവസവും തിരച്ചില്‍; മയക്കുവെടി വെയ്ക്കും,സ്ഥലത്ത് കുങ്കിയാനകളും ഡ്രോണ്‍ ക്യാമറയും

വാകേരി: വയനാട് വാകേരിയില്‍ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ നരഭോജി കടുവയ്ക്കായുള്ള തിരച്ചിൽ ആറാം ദിവസവും തുടരുന്നു. മുത്തങ്ങ ആനപ്പന്തിയില്‍ നിന്നെത്തിച്ച കുങ്കിയാനകളും ഡ്രോൺ ക്യാമറകളും തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്. രാത്രി വൈകി ഇന്നലെ തിരച്ചില്‍ അവസാനിപ്പിച്ചിരുന്നെങ്കിലും പെട്രോളിങ്ങുമായി വനം വകുപ്പിന്റെ സംഘം മേഖലയില്‍ ക്യാമ്പ് ചെയ്തിരുന്നു. കടുവയെ തിരിച്ചറിഞ്ഞതോടെ അവസരം ഒത്തുവന്നാല്‍ മയക്കുവെടി വയ്ക്കാനാണ് തീരുമാനം. നരഭോജി കടുവയെ പിടികൂടുന്നതിനുള്ള ദൗത്യം രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

കൂടല്ലൂര്‍ ഗ്രാമത്തില്‍ വനം വകുപ്പ് കടുവയ്ക്കായി മൂന്നിടത്ത് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കെണിയുടെ സമീപത്ത് കൂടി കടുവ പോയതായി ക്യാമറ ട്രാപ്പുകളില്‍ നിന്ന് കണ്ടെത്തിയിരുന്നു. വയനാട് വന്യജീവി സങ്കേതത്തിലെ 13 വയസുള്ള ആണ്‍ കടുവയാണ് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. പ്രജീഷ് എന്ന യുവാവിനെയാണ് കടുവ കഴിഞ്ഞ ദിവസം കൊന്ന് ഭക്ഷിച്ചത്. പതിവുപോലെ രാവിലെ പശുവിന് പുല്ലരിയാന്‍ പോയതായിരുന്നു പ്രജീഷ്. വൈകീട്ട് പാല്‍ വില്‍പ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

എട്ട് വര്‍ഷത്തിനിടെ ഏഴ് പേരാണ് വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഈ വര്‍ഷം മാത്രം വയനാട്ടില്‍ രണ്ട് മനുഷ്യ ജീവനുകളാണ് കടുവയുടെ ആക്രമണത്തില്‍ പൊലിഞ്ഞത്. അതിനിടെ, കടുവയെ വെടിവെച്ച് കൊല്ലരുതെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയയാൾക്ക് ഹൈക്കോടതി പിഴ വിധിച്ചിരുന്നു. അനിമൽ ആൻഡ് നേച്ചർ എത്തിക്സ് കമ്യൂണിറ്റി നൽകിയ ഹർജി തള്ളിയ കോടതി 25000 രൂപ പിഴ വിധിച്ചു. ചീഫ് ജസ്റ്റിസ് ആശിഷ് കെ ദേശായി, ജസ്റ്റിസ് വിജി അരുൺ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button