ഡൽഹി: മഥുരലെ ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോട് ചേർന്നുള്ള ഷാഹി ഈദ്ഗാ മസ്ജിദ് സർവേ താൽക്കാലികമായി നിർത്തിവയ്ക്കില്ലെന്ന് സുപ്രീം കോടതി. മസ്ജിദിൽ സർവേ നടത്തണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളിയത്. കേസ് അവധിക്ക് ശേഷം പരിഗണിക്കുമെന്നും ജനുവരി 9ന് തുടർവാദം പുനരാരംഭിക്കുമെന്നും ജസ്റ്റിസ് ഖന്ന വ്യക്തമാക്കി.
‘നടപടികൾ സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഹൈക്കോടതി ഉത്തരവ് തുടരും, ഹൈക്കോടതി ഈ വിഷയവുമായി മുന്നോട്ട് പോകും. സുപ്രീം കോടതിയിൽ നിന്ന് സ്റ്റേ ഇല്ല,’ഹിന്ദു പക്ഷത്തിന്റെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ വ്യക്തമാക്കി. മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹമ്മദി സുപ്രീംകോടതിയിൽ ഹാജരായി.
ഷാഹി ഈദ്ഗാ മസ്ജിദിന്റെ സർവേയ്ക്ക് അഭിഭാഷക കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച അപേക്ഷയാണ് അലഹബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചത്. ഷാഹി ഈദ്ഗാഹ് മസ്ജിദിൽ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നായിരുന്നു ഹിന്ദു വിഭാഗം ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതേക്കുറിച്ച് അറിയുന്നതിനായി അഭിഭാഷക കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധന നടത്തണമെന്നും ഹിന്ദു വിഭാഗം ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
Post Your Comments