തിരുവനന്തപുരം: സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളുടെ വില ഉടൻ പുതുക്കി നിശ്ചയിച്ചേക്കും. പുതിയ വില നിശ്ചയിക്കുമ്പോൾ ചില സാധനങ്ങൾക്ക് ഇരട്ടിയിലധികം വർദ്ധനവ് ഉണ്ടാകാനാണ് സാധ്യത. പൊതു വിപണിയിലെ വിലയിൽ നിന്ന് 25 ശതമാനം സബ്സിഡി നൽകിയാണ് സാധനങ്ങളുടെ വില നിശ്ചയിക്കുക. നിലവിൽ, 2016-ൽ തീരുമാനിച്ച വിലയ്ക്കാണ് 13 ഇനം സാധനങ്ങളും സപ്ലൈകോ മുഖാന്തരം വിൽക്കുന്നത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ വിപണി വിലയെ അടിസ്ഥാനമാക്കിയാണ് പുതിയ വില നിശ്ചയിക്കുക.
സപ്ലൈകോയിലെ വില പരിഷ്കരണവും, മറ്റ് പ്രതിസന്ധികളും പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ഈ ആഴ്ച തന്നെ റിപ്പോർട്ട് സമർപ്പിച്ചേക്കും. അതേസമയം, സബ്സിഡി സാധനങ്ങളുടെ എണ്ണം 13-ൽ നിന്നും 16 ആയി ഉയർത്താനും തീരുമാനമായേക്കും. ഇത്തവണ മുളകിനും കടലയ്ക്കുമാണ് കൂടുതൽ വില വർദ്ധനവ് ഉണ്ടാകാൻ സാധ്യത. ഒരു കിലോ മുളകിന്റെ ശരാശരി വില 250 രൂപയാണ്. ഈ വിലയെ അടിസ്ഥാനപ്പെടുത്തിയാണ് മുളകിന്റെ വില നിശ്ചയിക്കുക. മുളകിന് പഴയ വിലയുടെ ഇരട്ടിയിലധികം വർദ്ധിക്കാൻ സാധ്യതയുണ്ട്. കിലോയാക്ക് 45 രൂപയ്ക്ക് വിൽക്കുന്ന കടല 135 രൂപവരെ ഉയർന്നേക്കാമെന്നാണ് വിലയിരുത്തൽ. അതേസമയം, സംസ്ഥാനത്ത് കൂടുതൽ സൂപ്പർമാർക്കറ്റുകൾ ആരംഭിച്ച്, സപ്ലൈകോ വരുമാനം വർദ്ധിപ്പിക്കണമെന്ന നിർദ്ദേശം വിദഗ്ധസമിതി മുന്നോട്ടുവച്ചിട്ടുണ്ട്.
Post Your Comments