പത്തനംതിട്ട: ശബരിമലയിൽ തിരക്ക് നിയന്ത്രണാതീതമായതോടെ കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി. ഭക്തരുടെ എണ്ണം പ്രതിദിനം 90,000-മായി നിജപ്പെടുത്താനാണ് തീരുമാനം. ഇതോടെ, വെർച്വൽ ക്യൂ ബുക്കിംഗ് നടത്തിയ 80000 പേർക്കും, സ്പോർട്ട് ബുക്കിംഗ് നടത്തിയ 10,000 പേർക്കും മാത്രമാണ് ഒരു ദിവസം പ്രവേശനം അനുവദിക്കുകയുള്ളൂ. സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് കെ.നരേന്ദ്രൻ, ജി. ഗിരീഷ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന തീരുമാനം. ബുക്കിംഗ് ഇല്ലാത്തവരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടുന്നില്ലെന്ന് പോലീസ് കർശനമായി ഉറപ്പുവരുത്തേണ്ടതാണ്.
സന്നിധാനത്തും പമ്പയിലും തീർത്ഥാടകരെ നിയന്ത്രിക്കുന്നുണ്ടെങ്കിൽ അക്കാര്യം എരുമേലിയിലും നിലയ്ക്കലിലും അനൗൺസ് ചെയ്യണമെന്നും, പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കേണ്ടതുമാണ്. സ്പോട്ട് ബുക്കിംഗ്, വെർച്വൽ ക്യൂ എന്നിവ എല്ലാ ദിവസവും കൃത്യമായി റിവ്യൂ ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ട്. വെർച്വൽ ക്യൂ ബുക്കിംഗ് കുറവുണ്ടാവുകയാണെങ്കിൽ, കൂടുതൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കാവുന്നതാണ്. അതേസമയം, ദർശനം കഴിഞ്ഞ് മടങ്ങുന്ന തീർത്ഥാടകരെ ഉടൻ തന്നെ പമ്പയിൽ നിന്ന് മാറ്റാനും, നിലയ്ക്കലിൽ നിന്ന് ഒഴിഞ്ഞ ബസുകൾ പമ്പയിലേക്ക് എത്തിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
Also Read: പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിന്റെ പ്രാധാന്യം അറിയുമോ?
Post Your Comments