ലോകത്തിലെ ഏറ്റവും വലിയ കറുപ്പ് ഉൽപാദക രാജ്യം എന്ന നേട്ടം കൈവരിക്കാൻ ഒരുങ്ങി മ്യാൻമർ. യുഎൻ ഡ്രഗ്സ് ആന്റ് ക്രൈം ഓഫീസിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഈ വർഷം ഇതുവരെ 1,080 മെട്രിക് ടൺ കറുപ്പാണ് മ്യാൻമർ ഉൽപാദിപ്പിച്ചിരിക്കുന്നത്. കറുപ്പിന്റെ വ്യാപാരവും കൃഷിയും താലിബാൻ ഗവൺമെന്റ് നിരോധിച്ചതോടെ അഫ്ഗാനിസ്ഥാനെ പിന്തള്ളിയാണ് ഈ വർഷം മ്യാൻമർ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. മയക്കുമരുന്നായ ഹെറോയിൻ ഉൽപാദിപ്പിക്കുന്നതിനാണ് പ്രധാനമായും കറുപ്പ് ഉപയോഗിക്കുന്നത്.
മ്യാൻമറിന്റെ കറുപ്പ് കൃഷിയുമായി ബന്ധപ്പെട്ട മൊത്തം കണക്കാക്കിയ മൂല്യം 1 ബില്യൺ ഡോളറിനും, 2.4 ബില്യൺ ഡോളറിനും ഇടയിലാണ്. ഇത് മ്യാൻമറിന്റെ ജിഡിപിയുടെ 1.7 ശതമാനം മുതൽ 4.1 ശതമാനം വരെ വരും. മ്യാൻമർ, ലാവോസ്, തായ്‌ലൻഡ് എന്നിവയ്ക്കിടയിലുള്ള ‘ഗോൾഡൻ ട്രയാങ്കിൾ” എന്ന അതിർത്തി പ്രദേശം വളരെ കാലമായി അനധികൃത മയക്കുമരുന്ന് ഉൽപാദനത്തിന്റെയും കടത്തലിന്റെയും പ്രധാന കേന്ദ്രമാണ്. മ്യാൻമറിൽ ഷാൻ എന്ന സംസ്ഥാനത്താണ് ഏറ്റവും കൂടുതൽ കറുപ്പ് കൃഷി ചെയ്യുന്നത്. ഈ പ്രദേശത്ത് കഴിഞ്ഞ വർഷം 790 മെട്രിക് ടൺ വരെ കറുപ്പ് ഉൽപാദിപ്പിച്ചിട്ടുണ്ട്.
Post Your Comments