വാൾട്ട് ഡിസ്നിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ ഉടൻ ഏറ്റെടുക്കാൻ ഒരുങ്ങി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ്. റിപ്പോർട്ടുകൾ പ്രകാരം, വയാകോം18-ന്റെ കീഴിലുള്ള ജിയോ സിനിമയുടെ നേതൃത്വത്തിൽ, ഡിസ്നി ഇന്ത്യയും അവരുടെ മറ്റ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളുമാണ് ഏറ്റെടുക്കുക. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ ഡിസ്നിയുടെ 51 ശതമാനം ഓഹരികൾ റിലയൻസിന് സ്വന്തമാകും. ബാക്കിയുള്ള 49 ശതമാനം ഓഹരികളാണ് ഡിസ്നിയുടെ കൈവശം ഉണ്ടാകുക. ഏകദേശം 1 ബില്യൺ ഡോളർ മുതൽ 1.5 ബില്യൺ ഡോളർ വരെ മൂല്യമുള്ള ഇടപാടാണ് നടക്കുക.
കരാറിനു ശേഷമാണ് ബോർഡ് ഘടനയെ കുറിച്ചുള്ള ചർച്ചകൾ നടക്കാൻ സാധ്യത. ഡിസ്നിയിൽ നിന്നും റിലയൻസിൽ നിന്നും തുല്യ എണ്ണം ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനെക്കുറിച്ചും പരിഗണനയിലുണ്ട്. റിലയൻസും-ഡിസ്നിയും ഒന്നാകുന്നതോടെ, ഇവയ്ക്ക് കീഴിലുള്ള എല്ലാ ചാനലുകളും ഒരൊറ്റ കുടക്കീഴിലായി മാറുന്നതാണ്. ലയനത്തിനുശേഷം രൂപീകരിക്കുന്ന പുതിയ സംരംഭം ഇന്ത്യൻ മാധ്യമ, വിനോദ മേഖലകളിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായി മാറും. നിലവിൽ, റിലയൻസിന്റെ വയാകോം 18-ന്റെ കീഴിൽ 38 ചാനലുകളാണ് ഉള്ളത്.
Also Read: ആഗോള വിപണി കലുഷിതം! ഇന്നും നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
Post Your Comments