കൊല്ലം: ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികൾ ഉപയോഗിച്ച വ്യാജനമ്പർ പ്ലേറ്റ് കണ്ടെത്തി. കുളത്തൂപ്പുഴയ്ക്കും ആര്യങ്കാവിനും ഇടയിൽനിന്ന് ഒടിച്ചുനുറുക്കി കാടു പിടിച്ച സ്ഥലത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു നമ്പർ പ്ലേറ്റ് കണ്ടെത്തിയത്.
പലതായി ഒടിച്ചു മടക്കി പലസ്ഥലങ്ങളിൽ നമ്പർ പ്ലേറ്റിന്റെ ഭാഗങ്ങൾ ഉപേക്ഷിച്ചിരുന്നു. അന്വേഷണസംഘം പ്രതികളുമായി കുളത്തൂപ്പുഴ- ആര്യങ്കാവ് റൂട്ടിൽ സഞ്ചരിച്ചാണ് തെളിവ് ശേഖരിച്ചത്. വാഹനത്തിൽ വെച്ച് ചോദിച്ചപ്പോഴാണ് നമ്പർ പ്ലേറ്റ് ഒടിച്ചുനുറുക്കി ഉപേക്ഷിക്കുകയായിരുന്നുവെന്ന് അനിതാ കുമാരി മൊഴി നൽകിയത്.
നേരത്തെ, കേസിലെ ഒന്നാംപ്രതി പദ്മകുമാറിന്റെ ഒഴുകുപാറയ്ക്കടുത്ത് തെങ്ങുവിളയിലുള്ള ഫാമിൽ ഞായറാഴ്ച ഒന്നരമണിക്കൂറോളം തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതികൾ തട്ടിക്കൊണ്ടുപോയ സമയത്ത് കുട്ടിയുടെ കൈയിലുണ്ടായിരുന്ന പെൻസിൽ ബോക്സ് ഫാമിൽ നിന്ന് അടുത്ത പുരയിടത്തിലേക്ക് വലിച്ചെറിഞ്ഞിരുന്നു. ഇത് കണ്ടെടുത്തു. ശനിയാഴ്ച മാമ്പള്ളികുന്നത്തെ വീട്ടിൽവച്ച് ചോദ്യംചെയ്തപ്പോൾ കുട്ടിയുടെ ബാഗ് ഫാമിൽവച്ച് കത്തിച്ചുകളഞ്ഞതായി പ്രതികൾ മൊഴിനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫാമിൽ നായ്ക്കളെ പാർപ്പിച്ചിരുന്ന കെട്ടിടത്തിനുസമീപം ചാരം കിടന്നയിടത്തുനിന്ന് ബാഗിന്റെ അവശിഷ്ടങ്ങൾ അന്വേഷണസംഘം ശേഖരിച്ചു.
Post Your Comments