മഞ്ഞുകാലമാകുമ്പോള്‍ പല ആരോഗ്യപ്രശ്നങ്ങളും പതിവായി കാണാം. പ്രധാനമായും ചുമ, ജലദോഷം പോലുള്ള സീസണല്‍ അണുബാധകളാണ് മഞ്ഞുകാലത്ത് കൂടുതലും കാണപ്പെടുന്നത്. എന്നാല്‍, ഇങ്ങനെയുള്ള നിസാരമായ പ്രശ്നങ്ങള്‍ക്ക് മാത്രമല്ല മഞ്ഞുകാലത്ത് സാധ്യതയേറുന്നത്.
ബിപി അഥവാ രക്തസമ്മര്‍ദ്ദം ഉയരുന്നതിനും മഞ്ഞുകാലത്ത് സാധ്യത കൂടുതലാണ്. കാലാവസ്ഥയില്‍ വ്യതിയാനം വരുന്നതിന് അനുസരിച്ച് നമ്മുടെ ആരോഗ്യാവസ്ഥകളിലും വ്യതിയാനങ്ങള്‍ സംഭവിക്കാം. ഇത് നമുക്ക് അനുകൂലമായോ പ്രതികൂലമായോ വരാം.
ബിപിയുടെ കാര്യത്തിലേക്ക് വന്നാല്‍, മഞ്ഞുകാലത്ത് ഇത് കൂടുന്നതിന് ചില കാരണങ്ങളുണ്ട്. തണുത്ത അന്തരീക്ഷത്തില്‍ അധികപേരും മടിച്ചിരിക്കാറാണ് പതിവ്. കായികാധ്വാനം പൊതുവെ കുറയുന്ന ചുറ്റുപാടാണിത്. ഈ സമയത്തും പക്ഷേ കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവില്‍ കുറവ് വരുന്നില്ല. അതായത് വിശപ്പ് അനുഭവപ്പെടുന്നതില്‍ കുറവ് വരില്ല.
ഈ അന്തരീക്ഷത്തിലാണെങ്കില്‍ നാം കഴിക്കാൻ തെരഞ്ഞെടുക്കുന്ന മിക്ക ഭക്ഷണത്തിലും സോഡിയത്തിന്‍റെ അളവ് കൂടുതലായിരിക്കും. ഇത്തരത്തില്‍ സോഡിയം അമിതമാകുന്നത് ബിപി കൂടുന്നതിലേക്ക് നയിക്കുന്നു.
അതുപോലെ അന്തരീക്ഷ താപനില താഴുമ്പോള്‍ രക്തയോട്ടവും കുറയുന്നു. ഇതും ബിപി ഉയരുന്നതിലേക്ക് നയിക്കാം. ബാലൻസ്ഡ് ആയി ഭക്ഷണം കഴിക്കാൻ സാധിച്ചാല്‍ ഒരു പരിധി വരെ ഇങ്ങനെ തണുപ്പുകാലത്ത് ബിപി ഉയരുന്നതിനെ നിയന്ത്രിക്കാൻ നമുക്ക് സാധിക്കും. ഇതിന് ചില ഭക്ഷണങ്ങള്‍ ഈ സീസണില്‍ ഡയറ്റിലുള്‍പ്പെടുത്തുകയും ചിലത് ഒഴിവാക്കുകയും വേണം.
തണുപ്പുകാലത്ത് കൊറിക്കാൻ വേണ്ടി പാക്കറ്റ് ഭക്ഷണങ്ങള്‍, ഇതിന് പുറമെ ഉണക്കിയ ഭക്ഷണങ്ങള്‍, ടിൻ ഫുഡ്, പ്രോസസ്ഡ് ഫുഡ്, ഫ്രൈഡ് ഫുഡ് എല്ലാമാണ് അധികപേരും തെരഞ്ഞെടുക്കുക. ഇതിലെല്ലാം സോഡിയത്തിന്‍റെ അളവ് കൂടുതലാകാം. അതിനാല്‍ തന്നെ മഞ്ഞുകാലത്താണെങ്കിലും ഇവ കഴിക്കുന്നതില്‍ മിതത്വം പുലര്‍ത്തുക.
ചില സീസണലായ പച്ചക്കറികള്‍ നിര്‍ബന്ധമായും ഡയറ്റിലുള്‍പ്പെടുത്തുകയും ചെയ്യാം. ഇവ ഈ കാലാവസ്ഥയില്‍ ബിപി ഉയരുന്നതിനെ തടയാൻ സഹായിക്കാം.
മുള്ളങ്കി, ക്യാരറ്റ്, ചീര, ബീറ്റ്റൂട്ട് എന്നിവയെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്ന പച്ചക്കറികളാണ്. പോരാത്തതിന് മഞ്ഞുകാലത്ത് ഉലുവ കഴിക്കുന്നത് കൂട്ടുന്നതും ബിപി ഉയരുന്നത് തടയാൻ സഹായിക്കാം.
മുള്ളങ്കിയിലും ക്യാരറ്റിലുമുള്ള പൊട്ടാസ്യമാണ് ബിപി നിയന്ത്രിക്കാൻ സഹായിക്കുന്നത്. ചീരയും പൊട്ടാസ്യത്താല്‍ സമ്പന്നമാണ്. ഇതിന് പുറമെ ചീരയിലുള്ള മഗ്നീഷ്യം, ലൂട്ടിൻ എന്നീ ഘടകങ്ങളും ബിപിയെ പ്രതിരോധിക്കുന്നു. ബീറ്റ്റൂട്ടിലാകട്ടെ, ബി വൈറ്റമിനുകളാലും ആന്‍റി-ഓക്സിഡന്‍റുകളാലും സമ്പന്നമാണ്. ഇവയാണ് ബിപിയെ നിയന്ത്രിക്കാൻ പ്രയോജനപ്രദമാകുന്നത്. ഉലുവ കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ സഹായിക്കുന്നൊരു ഘടകമാണ്. ഇതുവഴിയാണ് ബിപിയും പ്രതിരോധിക്കാൻ സാധിക്കുന്നത്.
Post Your Comments