KeralaLatest News

‘മന്ത്രിമാരെ മാത്രമല്ല, ജനങ്ങളെയും സംരക്ഷിക്കണം’: പോലീസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനുനേരെ ചെരിപ്പെറിഞ്ഞെന്ന കേസില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി. പ്രതികള്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്ത സംഭവത്തിലായിരുന്നു പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ വിമര്‍ശനം. പോലീസ് മന്ത്രിമാരെ മാത്രം സംരക്ഷിച്ചാല്‍ പോരെന്നും ജനങ്ങളേക്കൂടി സംരക്ഷിക്കണമെന്നും കോടതി പറഞ്ഞു.

പെരുമ്പാവൂരില്‍ നവകേരള ബസ്സിനു നേരെ ഷൂ എറിഞ്ഞ കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു പോലീസിനെതിരേ കോടതിയുടെ വിമര്‍ശനം. ബസിനുനേരെ ഷൂ എറിഞ്ഞ കേസില്‍ പ്രതികള്‍ക്കെതിരേ ചുമത്തിയ 308 വകുപ്പ് എങ്ങനെ നിലനില്‍ക്കുമെന്ന് കോടതി ചോദിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ബസിനു നേരെ എറിയുന്ന ഷൂ ബസിനകത്തേക്ക് കടക്കില്ലല്ലോയെന്നും പിന്നെങ്ങനെ ഈ വകുപ്പ് ചേർത്ത് കേസെടുക്കാനാകുമെന്നും കോടതി ആരാഞ്ഞു.

നവകേരള സദസ്സിന്റെ സംഘാടകരും ഡിവൈഎഫ്‌ഐക്കാരും അടക്കമുള്ളവര്‍ ചേര്‍ന്ന് തങ്ങളെ മര്‍ദിച്ചതായി കേസിലെ പ്രതികളായ യൂത്ത് കോണ്‍ഗ്രസ്- കെ.എസ്.യു പ്രവര്‍ത്തകർ കോടതിയില്‍ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ പോലീസ് അവിടെയുണ്ടായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊതുസ്ഥലത്ത് മര്‍ദനമേറ്റവരെ സംരക്ഷിക്കേണ്ട ചുമതല പോലീസിനില്ലേയെന്നും എങ്ങനെയാണ് ഇത്തരത്തില്‍ ഇരട്ടനീതി നടപ്പാക്കാന്‍ സാധിക്കുന്നതെന്നും കോടതി വിമർശിച്ചു.

പ്രതികളെ അക്രമിച്ചവരെ അറസ്റ്റ് ചെയ്യാത്തതെന്തുകൊണ്ടാണെന്നും പോലീസിനോട് കോടതി ചോദിച്ചു. കേസില്‍ വീഴ്ചവരുത്തിയ പോലീസുകാര്‍ക്കെതിരേ വിശദമായ പരാതി എഴുതിനല്‍കാൻ കേസിലെ പ്രതികളോട് കോടതി നിര്‍ദേശിച്ചു. പരാതി ലഭിച്ചശേഷം കേസ് വീണ്ടും കോടതി പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button