KeralaLatest NewsNews

ട്രഷറിയിൽ നിയന്ത്രണങ്ങൾ കടുക്കുന്നു: കുറഞ്ഞ തുക മാറി കിട്ടുന്നില്ലെന്ന് പരാതി, ഓവർ ഡ്രാഫ്റ്റ് ഒഴിവാക്കാൻ ശ്രമം

ആർബിഐയിൽ നിന്നും ലഭിക്കുന്ന താൽക്കാലിക സഹായം രണ്ടാഴ്ചക്കുള്ളിലാണ് തിരിച്ചടയ്ക്കേണ്ടത്

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളിൽ നിയന്ത്രണം കടുത്തതോടെ പരാതികളുടെ കൂട്ടപ്രവാഹം. ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്കാണ് ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്തിയതെങ്കിലും, കുറഞ്ഞ തുക മാറി കിട്ടുന്നില്ലെന്നാണ് പരാതി. കഴിഞ്ഞ നാല് ദിവസമായി കുറഞ്ഞ തുകയുടെ ചുരുക്കം ചില ബില്ലുകൾ മാത്രമാണ് ട്രഷറി മുഖാന്തരം മാറ്റി കിട്ടിയത്. ഓവർ ഡ്രാഫ്റ്റ് ഒഴിവാക്കാനുള്ള മുൻകരുതലായാണ് ഇത്തരം നടപടികൾ. തിങ്കളാഴ്ചയോടെ സ്ഥിതി മെച്ചപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി. ട്രഷറിയിൽ പണം ഇല്ലാതെ വരുമ്പോൾ ദൈനംദിന ചെലവിന് ആർബിഐ താൽക്കാലിക സഹായം നൽകാറുണ്ട്. ഈ വകയിൽ കേരളത്തിന് 1,670 കോടി രൂപയാണ് വെയ്സ് ആൻഡ് മീൻസായി ലഭിക്കുക. ഇവ തീർന്ന കഴിഞ്ഞാൽ ഒരുതവണകൂടി 1,670 കോടി രൂപ എടുക്കാനുള്ള അവസരമുണ്ട്.

ആർബിഐയിൽ നിന്നും ലഭിക്കുന്ന താൽക്കാലിക സഹായം രണ്ടാഴ്ചക്കുള്ളിലാണ് തിരിച്ചടയ്ക്കേണ്ടത്. ഇതിന് സാധിച്ചില്ലെങ്കിൽ ട്രഷറി നിർത്തിവയ്ക്കേണ്ടി വരും. നിലവിൽ, കേരളം ആർബിഐയിൽ നിന്ന് രണ്ടാമത്തെ ഓവർഡ്രാഫ്റ്റായ 1670 കോടി വാങ്ങിയിട്ടുണ്ട്. ഇത് ഉടൻ തന്നെ തിരിച്ചടയ്ക്കേണ്ടതാണ്. ഈ സാഹചര്യത്തിലാണ് ബില്ലുകളെല്ലാം പിടിച്ചുവെച്ചിരിക്കുന്നത്. നിലവിൽ, ശമ്പളവും പെൻഷനും അല്ലാതെ മറ്റൊന്നും ട്രഷറി വഴി മാറ്റി നൽകുന്നില്ല. ഗ്രാറ്റ് വിറ്റി, കമ്യൂട്ടേഷൻ തുടങ്ങിയ വിരമിക്കൽ ആനുകൂല്യങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അതേസമയം, ഈ ആഴ്ച 700 കോടി രൂപ ഇനത്തിൽ ട്രഷറിയിൽ എത്താനുണ്ട്. ഈ തുക ലഭിക്കുന്നതോടെ സ്ഥിതി മെച്ചപ്പെടുമെന്നാണ് വിലയിരുത്തൽ.

Also Read: ക്ഷേത്രം ഓഫീസിന്റെ അലമാര കുത്തിത്തുറന്ന് മോഷണം: രണ്ട് പേര്‍ അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button