ന്യൂഡൽഹി: ലോക നേതാക്കൾക്കിടയിൽ ഏറ്റവും ശക്തനായ നേതാവെന്ന ബഹുമതി നേടി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള ഗവേഷണ സ്ഥാപനമായ മോണിംഗ് കൺസൾട്ടന്റിന്റെ ഏറ്റവും പുതിയ സർവ്വേ റിപ്പോർട്ടിലാണ് നരേന്ദ്രമോദി ഒന്നാമതെത്തിയത്. ഏറ്റവും ഉയർന്ന അംഗീകാര റേറ്റിംഗ് ഉള്ള ലോക നേതാവ് കൂടിയാണ് നരേന്ദ്രമോദി. റിപ്പോർട്ടുകൾ പ്രകാരം, പ്രധാനമന്ത്രി മോദിയുടെ അംഗീകാര റേറ്റിംഗ് 76 ശതമാനമാണ്. 75-80 ശതമാനത്തിന് ഇടയിൽ അംഗീകാര റേറ്റിംഗ് ഉള്ള നരേന്ദ്രമോദി കഴിഞ്ഞ കുറെ വർഷങ്ങളായി പട്ടികയിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 3 സംസ്ഥാനങ്ങളിൽ ബിജെപി വിജയം നേടിയതോടെ, രാജ്യത്തെ വോട്ടർമാരുടെ ജനപ്രിയ നേതാവായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും തുടരുമെന്ന് തെളിയിക്കപ്പെട്ടു.
66 ശതമാനം അംഗീകാര റേറ്റിംഗുമായി മെക്സിക്കോയുടെ പ്രസിഡന്റ് ആന്ദ്രസ് മാനുവൽ ലോപ്പസ് ഒബ്രഡോർ ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്. സ്വിറ്റ്‌സർലൻഡിന്റെ അലൈൻ ബെർസെറ്റ് 58 ശതമാനം റേറ്റിംഗുമായി മൂന്നാം സ്ഥാനത്താണ്. 49 ശതമാനം റേറ്റിംഗുമായി ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ നാലാം സ്ഥാനത്തും 47 ശതമാനം റേറ്റിംഗുമായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് അഞ്ചാം സ്ഥാനത്തുമുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് പ്രസിഡന്റ് ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും ആദ്യ അഞ്ചിൽ ഇടം നേടിയിട്ടില്ല. ആറാം സ്ഥാനത്ത് ഇറ്റാലിയൻ പ്രീമിയർ ജോർജിയ മെലോണിയാണ്.
Post Your Comments