കോഴിക്കോട്: ഓര്‍ക്കാട്ടേരി കുന്നുമ്മക്കരയിലെ ഷെബിനയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവിന്റെ അമ്മാവന്‍ അറസ്റ്റില്‍. ഷെബിനയുടെ ഭര്‍ത്താവ് ഹബീബിന്റെ മാതൃസഹോദരനായ കുന്നുമ്മക്കര താഴെ പുതിയോട്ടില്‍ ഹനീഫയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണ, ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍, സ്ത്രീധന നിരോധനനിയമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഹനീഫയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
നേരത്തെ, ഹനീഫ ഷെബിനയെ മര്‍ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം ബന്ധുക്കള്‍ പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് വെള്ളിയാഴ്ച രാത്രിയോടെ ഹനീഫയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കുന്നുമ്മക്കര തട്ടാര്‍കണ്ടി ഹബീബിന്റെ ഭാര്യ ഷെബിന(30)യെ തിങ്കളാഴ്ച രാത്രിയാണ് ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ കുടുംബം ഉന്നയിച്ചത്.
മരിക്കുന്നതിന് കുറച്ചുമുമ്പ് ഭര്‍ത്താവിന്റെ ബന്ധു ഷെബിനയെ മര്‍ദിച്ചിരുന്നെന്നും അതിനുശേഷം മുറിക്കുള്ളില്‍പ്പോയ ഷെബിന പുറത്തുവരാതിരുന്നിട്ടും വീട്ടുകാര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ബന്ധുക്കൾ പരാതിയിൽ പറയുന്നു. ഷെബിനയുടെ ഭര്‍ത്താവ് ഹബീബ് വിദേശത്താണ്. ഭര്‍ത്താവിന്റെ മാതാവും സഹോദരിയും നിരന്തരമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കൾ ആരോപിച്ചു. ഇതേത്തുടര്‍ന്ന് ഷെബിന വീടുമാറാന്‍ തീരുമാനിക്കുകയും വിവാഹസമയത്ത് നല്‍കിയ സ്വര്‍ണം തിരികെ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ പേരിൽ നടന്ന തര്‍ക്കത്തിന് പിന്നാലെയാണ് ഷെബിന ആത്മഹത്യ ചെയ്തത്.
Post Your Comments