ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലും കർണാടകയിലുമായി 41 സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. ശനിയാഴ്ച നടത്തിയ റെയ്ഡിൽ 15 പേരെ കസ്റ്റഡിയിലെടുത്തു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള പൂനെ സ്വദേശികളാണ് അറസ്റ്റിലായത്. കർണാടകയിലെ ചില സ്ഥലങ്ങളിലും മഹാരാഷ്ട്രയിൽ പൂനെ, താനെ റൂറൽ, താനെ നഗരം, മീരാ ഭയന്ദർ എന്നിവിടങ്ങളിലുമാണ് റെയ്ഡ് നടന്നത്.
അന്താരാഷ്ട്ര ബന്ധങ്ങളുള്ള വലിയ ഗൂഢാലോചനയും നിലവിൽ നടക്കുന്ന കേസിൽ വിദേശ ആസ്ഥാനമായുള്ള ഐസിസ് ഹാൻഡ്‌ലർമാരുടെ പങ്കാളിത്തവും പരിശോധനയിൽ കണ്ടെത്തിയതായി ദേശീയ അന്വേഷണ ഏജൻസിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യയ്ക്കുള്ളിൽ ഐഎസിന്റെ തീവ്രവാദ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാൻ പ്രതിജ്ഞാബദ്ധരായ വ്യക്തികളുടെ ഒരു സങ്കീർണ്ണ ശൃംഖലയാണ് അന്വേഷണത്തിലൂടെ പുറത്തുവരുന്നത്.
ഈ ശൃംഖല ഐഎസിന്റെ സ്വയം പ്രഖ്യാപിത ഖലീഫ (നേതാവ്) യോട് കൂറ് പുലർത്തുന്നതായി (ബയാത്ത്) അന്വേഷണ സംഘത്തിന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ മണ്ണിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താനാണ് ഈ ശൃംഖല ലക്ഷ്യമിടുന്നതെന്നും അന്വേഷണ സംഘം കൂട്ടിച്ചേർത്തു.
Post Your Comments