ഒഡീഷ: കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ധീരജ് സാഹുവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡിൽ 100 കോടിയിലധികം രൂപ കണ്ടെടുത്തു. ഡിസംബർ ആറു മുതൽ ഒഡീഷയിലെയും ജാർഖണ്ഡിലെയും സാഹുവിന്റെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് ഇപ്പോഴും തുടരുകയാണ്. പണം കണ്ടെടുത്ത ഒഡീഷയിലെ ബൗദ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ റെയ്ഡുകൾ തുടരുമെന്ന് ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
പിടിച്ചെടുത്ത പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനായി 30ലധികം ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരും പങ്കെടുത്തു. എട്ടിലധികം കൗണ്ടിംഗ് മെഷീനുകളാണ് കറൻസികൾ എണ്ണാൻ ഉപയോഗിക്കുന്നത്. കറൻസി അടങ്ങിയ 150 ഓളം പാക്കറ്റുകൾ ഇതുവരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബൊലാൻഗീറിലെ ഹെഡ് ബ്രാഞ്ചിലേക്ക് കൊണ്ടുപോയി. പിടിച്ചെടുത്ത പണവുമായി ധീരജ് സാഹുവിനുള്ള ബന്ധത്തെ കുറിച്ച് അധികൃതർ സജീവമായി അന്വേഷിക്കുകയാണെന്ന് റെയ്ഡുകൾക്ക് മേൽനോട്ടം വഹിക്കുന്ന ആദായനികുതി ഡയറക്ടർ ജനറൽ സഞ്ജയ് ബഹാദൂർ പറഞ്ഞു.
‘ഒരു അലമാരയിൽ നിന്നാണ് പണം കണ്ടെത്തിയത്, തുടർന്ന് നികുതി വകുപ്പ് സുന്ദർഗഡ് നഗരത്തിലെ വീട്, ഓഫീസ്, ഡിസ്റ്റിലറി, ഭുവനേശ്വറിലെ ബിഡിപിഎലിന്റെ കോർപ്പറേറ്റ് ഓഫീസ്, കമ്പനി ഉദ്യോഗസ്ഥരുടെ വീടുകൾ, ബൗധ് രാംചിക്കറ്റയിലെ ഫാക്ടറി ഓഫീസ്, റാണിസതി റൈസ് മിൽ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് പരിശോധന വ്യാപിപ്പിച്ചു,’ സഞ്ജയ് ബഹാദൂർ വ്യക്തമാക്കി.
വിഷയത്തിൽ ഇഡി അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇത്തരം കേസുകളിൽ മറ്റ് നിരവധി കോൺഗ്രസ് എംപിമാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് രാജ്യസഭാ എംപിയും മുൻ ജാർഖണ്ഡ് ബിജെപി അധ്യക്ഷനുമായ ദീപക് പ്രകാശ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
Post Your Comments