Latest NewsKeralaNews

ക്യൂ നിൽക്കാതെ ആശുപത്രി അപ്പോയ്‌മെന്റെടുക്കാം വളരെയെളുപ്പം: 600 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം

തിരുവനന്തപുരം: സംസ്ഥാനത്തെ 600 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിൽ 393 ആശുപത്രികളിലും ഇ ഹെൽത്ത് സംവിധാനം സജ്ജമാക്കിയത് ഈ സർക്കാരിന്റെ കാലത്താണ്. 16 മെഡിക്കൽ കോളേജുകളും അനുബന്ധ ആശുപത്രികളും കൂടാതെ 18 ജില്ല, ജനറൽ ആശുപത്രികൾ, 22 താലൂക്ക് ആശുപത്രികൾ, 27 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 453 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 49 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 10 സ്‌പെഷ്യാലിറ്റി ആശുപത്രികൾ, 2 പബ്ലിക് ഹെൽത്ത് ലാബ്, 3 മറ്റ് ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഇ ഹെൽത്ത് നടപ്പിലാക്കിയത്. 130 ആരോഗ്യ കേന്ദ്രങ്ങളിൽ കൂടി ഇ ഹെൽത്ത് പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.

Read Also: പഠിക്കാൻ കാനഡയിലേക്കാണോ? എങ്കിൽ ഇനി ചെലവാകുക ഇരട്ടിയിലധികം പണം, ഈ തൊഴിൽ നിയമം ഉടൻ റദ്ദ് ചെയ്യും

ആരോഗ്യ മേഖലയിൽ ഡിജിറ്റൽ ഹെൽത്ത് നടപ്പിലാക്കുന്നതിനായി വലിയ പ്രയത്‌നമാണ് നടത്തി വരുന്നത്. ആരോഗ്യ സ്ഥാപനങ്ങളെ ആധുനികവത്ക്കരിക്കാൻ 7.85 കോടി രൂപയുടെ ഭരണാനുമതി അടുത്തിടെ നൽകിയിരുന്നു. ഇ ഹെൽത്തിലൂടെ ഓൺലൈൻ ഒപി ടിക്കറ്റും പേപ്പർ രഹിത ആശുപത്രി സേവനങ്ങളും യാഥാർത്ഥ്യമാക്കി. ജീവിതശൈലീ രോഗനിർണയത്തിന് ശൈലീ ആപ്പ് ആവിഷ്‌ക്കരിച്ചു. ആർദ്രം ജനകീയ കാമ്പയിനിലൂടെ ഒന്നര കോടിയിലധികം പേരെ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി. കാൻസർ രോഗനിർണയത്തിനും കാൻസർ ചികിത്സ ഏകോപിപ്പിക്കുന്നതിനും കാൻസർ ഗ്രിഡ്, കാൻസർ കെയർ സ്യൂട്ട് നടപ്പിലാക്കി വരുന്നു. വിപുലമായ ഇ സഞ്ജീവനി സേവനങ്ങൾ ലഭ്യമാക്കി. ലാബ് റിസൾട്ട് എസ്.എം.എസ്. ആയി ലഭിക്കുന്ന സംവിധാനം ലഭ്യമാക്കി. ഹൃദ്യം, ആശാധാര പദ്ധതികളുടെ സേവനം ഓൺലൈൻ വഴിയാക്കി. ആശാധാര പദ്ധതിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന് അടുത്തിടെ ദേശീയ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ അവാർഡ് ലഭിച്ചിരുന്നു.

എങ്ങനെ യുണിക്ക് ഹെൽത്ത് ഐഡി സൃഷ്ടിക്കും?

ഇ ഹെൽത്ത് വഴിയുള്ള സേവനങ്ങൾ ലഭിക്കുവാൻ ആദ്യമായി തിരിച്ചറിയിൽ നമ്പർ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോർട്ടലിൽ കയറി രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം. അതിൽ ആധാർ നമ്പർ നൽകുക. തുടർന്ന് ആധാർ രജിസ്റ്റർ ചെയ്ത നമ്പരിൽ ഒടിപി വരും. ഈ ഒടിപി നൽകുമ്പോൾ ഓൺലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭ്യമാകും. ഇത് പോർട്ടൽ വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ആദ്യതവണ ലോഗിൻ ചെയ്യുമ്പോൾ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പറും പാസ് വേർഡും മൊബൈലിൽ മെസേജായി ലഭിക്കും. ഈ തിരിച്ചറിയൽ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ആശുപത്രികളിലേക്കുള്ള നിശ്ചിത തീയതിയിലും സമയത്തുമുള്ള അപ്പോയ്‌മെന്റ് എടുക്കാൻ സാധിക്കും.

എങ്ങനെ അപ്പോയ്‌മെന്റെടുക്കാം?

ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയൽ നമ്പരും പാസ് വേർഡും ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം ന്യൂ അപ്പോയ്‌മെന്റ് ക്ലിക്ക് ചെയ്യുക. റെഫറൽ ആണെങ്കിൽ ആ വിവരം രേഖപെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാർട്ട്‌മെന്റും തെരഞ്ഞെടുക്കുക. തുടർന്ന് അപ്പോയ്‌മെന്റ് വേണ്ട തീയതി തെരഞ്ഞെടുക്കുമ്പോൾ ആ ദിവസത്തിൽ ലഭ്യമായ ടോക്കണുകൾ ദൃശ്യമാകും. രോഗികൾ അവർക്ക് സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോക്കൺ എടുക്കാവുന്നതാണ്. തുടർന്ന് ടോക്കൺ പ്രിന്റും എടുക്കാവുന്നതാണ്. ടോക്കൺ വിവരങ്ങൾ എസ്.എം.എസ്. ആയും ലഭിക്കുന്നതാണ്. ഇത് ആശുപത്രിയിൽ കാണിച്ചാൽ മതിയാകും. പോർട്ടൽ വഴി അവരുടെ ചികിത്സാവിവരങ്ങൾ, ലാബ് റിസൾട്ട്, പ്രിസ്‌ക്രിപ്ഷൻ എന്നിവ ലഭ്യമാവുന്നതാണ്.സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്.

Read Also: അവിവാഹിതരായ സ്ത്രീകള്‍ക്ക് വാടക ഗര്‍ഭധാരണം അനുവദിക്കണമെന്ന ഹര്‍ജി: കേന്ദ്രസര്‍ക്കാരിനോട് പ്രതികരണം തേടി സുപ്രീംകോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button