തിരുവനന്തപുരം: ആരോഗ്യവകുപ്പിന്‍റെ പേരിൽ വ്യാജ നിയമന ഉത്തരവ് നൽകി പണം തട്ടിയ കേസില്‍ കൂടുതല്‍ പരാതികൾ. തട്ടിപ്പിന് നേതൃത്വം നല്‍കിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. ഇപ്പോൾ പണം നഷ്ടമായെന്ന പരാതിയുമായി അഞ്ചുപേരാണ് എത്തിയിരിക്കുന്നത്. ഒന്നര ലക്ഷം രൂപയാണ് ആറന്മുള സ്വദേശിക്ക് നഷ്ടമായത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പത്തനംതിട്ട നിലയ്ക്കല്‍ സ്വദേശി അരവിന്ദന്‍റെ നേതൃത്വത്തില്‍ നടന്നത് വന്‍ തട്ടിപ്പാണെന്നാണ് പൊലീസ് കണ്ടെത്തിയത്.
സംഭവത്തില്‍ വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചു. കേസില്‍ ഇന്നലെയാണ് കന്‍റോന്‍മെന്‍റ് പൊലീസ് അരവിന്ദനെ കസ്റ്റഡിയിലെടുത്തത്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അഴിമതിക്കെതിരെ സമരം ചെയ്ത് അറസ്റ്റുവരിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവാണ് തട്ടിപ്പു കേസിൽ കസ്റ്റഡിലായത്. കോട്ടയം ജില്ലാ ആശുപത്രി റിസപ്ഷനിസ്റ്റ് നിയമനം നൽകാമെന്ന് കബളിപ്പിച്ചാണ് പത്തനംതിട്ട സ്വദേശിനിക്ക് വ്യാജ ഉത്തരവ് തയ്യാറാക്കി നൽകിയത്.
ആരോഗ്യവകുപ്പിൻെറ പേരിൽ തയ്യാറാക്കി വ്യാജ നിയമന ഉത്തരവ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് വാട്സ് ആപ്പിൽ ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് അന്വേഷണം നടത്താൻ പരാതി നൽകിയത്. തുടര്‍ന്നാണ് വ്യാജ നിയമന ഉത്തരവ് കേന്ദ്രീകരിച്ചുള്ള അന്വേഷണം പത്തനംതിട്ട സ്വദേശിനിയില്‍ ചെന്നെത്തിയത്. കന്‍റോന്‍മെന്‍റ് പൊലീസ് യുവതിയുടെ മൊഴിയെടുത്തപ്പോഴാണ് യൂത്ത് കോണ്‍ഗ്രസുകാരൻെറ പങ്ക് പുറത്തായത്. കോഴഞ്ചേരിയിൽ വച്ചാണ് അരവിന്ദ് നിയമന ഉത്തരവ് കൈമാറിയെന്നും 50,000 രൂപ നൽകിയെന്നും തട്ടിപ്പ് ഇരയായ സ്ത്രീ പൊലിസിന് മൊഴി നൽകി.
ജനുവരിയിൽ ജോലിയിൽ പ്രവേശിക്കാനാണ് ഉത്തരവിൽ പറയുന്നത്. ഇതേ തുർന്നാണ് നിലയ്ക്കൽ സ്വദേശി അരവിന്ദനെ കസ്റ്റഡിലെടുത്തത്. തട്ടിപ്പിൽ പങ്കെടുത്ത മറ്റു ചിലരെ കുറിച്ചും അരവിന്ദ് ചോദ്യം ചെയ്യലിൽ പറഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലാണ് സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത ശേഷം പണം മുടക്കി പത്രപരസ്യം നൽകുകയും ഫ്ലക്സ് വെക്കുകയും ചെയ്തിരുന്നു. തട്ടിപ്പ് പണമാണ് ഇതിനായി ഉപയോഗിച്ചതെന്നാണ്പൊലിസ് പറയുന്നത്.
Post Your Comments