തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളിൽ സജ്ജമാക്കിയിട്ടുള്ള ഇ-പോസ് മെഷീനുകളുടെ ടെൻഡർ ഏറ്റെടുക്കാൻ വിസമ്മതിച്ച് സ്വകാര്യ കമ്പനികൾ. ഇ-പോസ് മെഷീനുകളുടെ പരിപാലനത്തിനും അറ്റകുറ്റപ്പണിക്കുമായാണ് സ്വകാര്യ കമ്പനികളിൽ നിന്നും സർക്കാർ ടെൻഡർ ക്ഷണിച്ചത്. എന്നാൽ, ടെൻഡർ ഏറ്റെടുക്കാൻ ഒരു കമ്പനിയും താൽപ്പര്യം പ്രകടിപ്പിക്കാത്തതോടെ, ഇപ്പോഴത്തെ കമ്പനിക്ക് തന്നെ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകിയിരിക്കുകയാണ്. ടെൻഡറിന്റെ സമയപരിധി നവംബർ 30ന് അവസാനിച്ച സാഹചര്യത്തിലാണ് നടപടി.
സംസ്ഥാനത്തുടനീളമുള്ള 14,335 റേഷൻ കടകളിൽ ഇ-പോസ് മെഷീനുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവയുടെ മൂന്ന് വർഷത്തെ പരിപാലന കരാറിന് സംസ്ഥാന സർക്കാറിന് വേണ്ടി സപ്ലൈകോയാണ് കേന്ദ്രസർക്കാറിന്റെ ജെം പോർട്ടൽ വഴി ടെൻഡർ ക്ഷണിച്ചത്. ചില വ്യവസ്ഥകൾക്ക് വിധേയമായാണ് ടെൻഡർ പുറത്തിറക്കിയത്. 4 മണിക്കൂറിനകം യന്ത്രങ്ങളിലെ പ്രശ്നങ്ങൾ പരിഹരിച്ചിട്ടില്ലെങ്കിൽ അത് കഴിഞ്ഞുള്ള ഓരോ മണിക്കൂറിനും 1000 രൂപ വീതം പിഴ നൽകണമെന്നാണ് വ്യവസ്ഥ.
Also Read: കണ്ണൂർ തയ്യിലിൽ ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച് കവര്‍ച്ച: മൂന്നു പേർ അറസ്റ്റിൽ
സർക്കാർ വാങ്ങിവയ്ക്കുന്ന ഉപകരണങ്ങൾക്ക് അറ്റകുറ്റപ്പണി നടത്തുന്ന നയവും, പ്രത്യേകത വ്യവസ്ഥകളും ഉൾപ്പെടുത്തിയതോടെയാണ് സ്വകാര്യ കമ്പനികൾ ടെൻഡർ നിരസിച്ചത്. വ്യവസ്ഥകൾ മാറ്റാൻ കഴിയില്ലെന്ന് സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ, ഹൈദരാബാദ് ആസ്ഥാനമായ ലിങ്ക്വെൽ ടെലിസിസ്റ്റംസ് എന്ന കമ്പനിയാണ് ഇ-പോസ് മെഷീനുകളുടെ പരിപാലനവും, അറ്റകുറ്റപ്പണിയും നടത്തുന്നത്. 51.16 കോടി രൂപയ്ക്ക് 2018 ഫെബ്രുവരിയിലാണ് ഈ കമ്പനി കരാറിൽ ഒപ്പിട്ടത്. അഞ്ച് വർഷത്തേക്കാണ് കരാർ.
Post Your Comments