ബംഗളൂരു: കര്‍ണാടകയിലെ തുമകൂരുവില്‍ തുടങ്ങിയ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡിന്റെ (എച്ച്.എ.എല്‍) ഹെലികോപ്ടര്‍ ഫാക്ടറി ഇന്ത്യയുടെ അഭിമാന നേട്ടങ്ങളിൽ ഒന്നാണ്. രാജ്യത്തെ ഏറ്റവും ബൃഹത്തായ ഹെലികോപ്ടര്‍ നിര്‍മാണശാലയാണിത്. ഇന്ത്യന്‍ പ്രതിരോധമേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരാനും പ്രതിരോധരംഗത്ത് സ്വയം പര്യാപ്തത ആര്‍ജിക്കാനും ലക്ഷ്യമിട്ടുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണിത്. പ്രതിരോധ മേഖലക്കാവശ്യമായ സൈനികോപകരണങ്ങള്‍, വിമാനവാഹിനിക്കപ്പലുകള്‍, യുദ്ധവിമാനങ്ങള്‍ തുടങ്ങിയവ രാജ്യത്തുതന്നെ നിര്‍മിക്കാനാരംഭിച്ചതിലൂടെ ഇന്ത്യ പതിയെപ്പതിയെ ഈ രംഗത്ത് സ്വയംപര്യാപ്തത ആര്‍ജിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടന വേളയിൽ വ്യക്തമാക്കിയിരുന്നു.
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡ് രാജ്യസുരക്ഷയുടെ ഭാവിയാണ്. ഡ്രോണുകള്‍, തേജസ് വിമാനങ്ങള്‍ എന്നിവയുടെ നിര്‍മാണം നിലവില്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. തുമകൂരുവിന്റെ സമീപപ്രദേശങ്ങളിലുള്ള വ്യവസായങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ ഊർജ്ജം പകരുന്നു. 615 ഏക്കറിലധികം സ്ഥലത്താണ് നിര്‍മാണശാല വ്യാപിച്ച് കിടക്കുന്നത്. 2016-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫാക്ടറിയ്ക്ക് തറക്കല്ലിട്ടത്.
ഇന്ത്യക്കാവശ്യമായ ഹെലികോപ്ടറുകള്‍ തദ്ദേശീയമായി നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാക്ടറി നിര്‍മിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്ടറുകളാണ് ഇവിടെ നിര്‍മിക്കുന്നത്. നിലവില്‍ വര്‍ഷത്തില്‍ 30 ഹെലികോപ്ടറുകള്‍ നിര്‍മിക്കാനാണ് പദ്ധതി. പിന്നീട് വാര്‍ഷികോത്പാദനം ക്രമേണ 60 ആയും 90 ആയും വര്‍ധിപ്പിക്കും. എല്‍യുവി കൂടാതെ ലൈറ്റ് കോമ്പാറ്റ് ഹെലികോപ്ടര്‍ (LCH), ഇന്ത്യന്‍ മള്‍ട്ടിറോള്‍ ഹെലികോപ്ടര്‍ (IMRH) എന്നിവയുടെ നിര്‍മാണവും ഫാക്ടറിയില്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. 20 വര്‍ഷക്കാലയളവില്‍ ഏകദേശം നാല് ലക്ഷം കോടി രൂപയാണ് ഹെലികോപ്ടറുകളുടെ നിര്‍മാണത്തിനായി വേണ്ടിവരുന്ന നിക്ഷേപം. ഹെലികോപ്ടറുടെ ഇറക്കുമതി പൂര്‍ണമായും നിർത്തലാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്ത്യ തദ്ദേശീയമായി രൂപകല്‍പന ചെയ്ത് നിര്‍മിക്കുന്ന ഹെലികോപ്ടറുകളാണ് ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്ടറുകള്‍ (LUH).
Post Your Comments