ചെന്നൈ: മണിക്കൂറുകളോളം പെയ്ത തോരാമഴയിൽ മുങ്ങി ചെന്നൈ. ബംഗാൾ ഉൾക്കടലിലെ മീഷോംഗ് ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി കനത്ത മഴയാണ് ചെന്നൈ ഉൾപ്പെടെയുള്ള തമിഴ്നാട്ടിലെ 7 ജില്ലകളിൽ അനുഭവപ്പെടുന്നത്. കനത്ത പേമാരിയിൽ പ്രധാന നഗരങ്ങൾ മുഴുവനും വെള്ളക്കെട്ടിനടിയിലായി. നിലവിൽ, മരണസംഖ്യ 8 കവിഞ്ഞിട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് ലക്ഷക്കണക്കിന് ആളുകളാണ് വീടുകളിൽ കുടുങ്ങിക്കിടക്കുന്നത്. കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഒലിച്ചു പോയിട്ടുണ്ട്. കഴിഞ്ഞ 47 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് ചെന്നൈയിൽ ലഭിച്ചിരിക്കുന്നത്.
വെള്ളപ്പൊക്കത്തെ തുടർന്ന് ചെന്നൈ നഗരത്തിലെ ഗതാഗത സംവിധാനം താറുമാറായിരിക്കുകയാണ്. വിമാനത്താവളം താൽക്കാലികമായി അടയ്ക്കുകയും, കേരളത്തിലേതടക്കമുള്ള ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ, രക്ഷാപ്രവർത്തനത്തിനായി സൈന്യം തമിഴ്നാട്ടിൽ എത്തിച്ചേർന്നിട്ടുണ്ട്. ചെന്നൈ തീരത്തുനിന്ന് ഏകദേശം 90 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്. പിന്നീട് ഇവ കരയിലേക്ക് പ്രവേശിക്കുകയായിരുന്നു.
Also Read: ഉച്ചയ്ക്ക് ‘ലക്ഷ്മിയും’സന്ധ്യക്ക് ‘ദുർഗ്ഗയുമായി’ അനുഗ്രഹം ചൊരിയുന്ന ദേവി സന്നിധി
ഇന്ന് രാവിലെയോടെ ചുഴലിക്കാറ്റ് ആന്ധ്രയെ ലക്ഷ്യമാക്കി നീങ്ങുന്നതാണ്. ആന്ധ്രയിലെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിലായി കര തൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആന്ധ്രാ തീരത്ത് മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയടിക്കുക. നിലവിൽ, ആന്ധ്രയിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ ആന്ധ്രപ്രദേശിലെ എട്ട് ജില്ലകൾക്ക് ഇന്നും അവധിയാണ്.
Post Your Comments