കൊല്ലം: അച്ചൻകോവിൽ കോട്ടുവാസലിൽ തൂവൽമലയിൽ 29 വിദ്യാർത്ഥികളും മൂന്ന് അധ്യാപകരും കാട്ടിലകപ്പെട്ടു. കൊല്ലം കോട്ടവാസൽ ഷണ്‍മുഖവിലാസം ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻ്റ് ഗൈഡ്സിൽ ഉൾപ്പെട്ട വിദ്യാർത്ഥികളാണ് തൂവൽമല എന്ന സ്ഥലത്ത് കാറ്റിൽ അകപ്പെട്ടത്. കഴിഞ്ഞയാഴ്ച്ച ക്യാമ്പിന്റെ ഭാഗമായാണ് കുട്ടികൾ ഇവിടെയെത്തിയത്.
ഇവർ ഞായറാഴ്ച ട്രക്കിംഗിനായി തൂവൽമലയിലേക്ക് പോവുകയായിരുന്നു. കാട്ടുമൃഗങ്ങളുടെ ശല്യമുള്ള പ്രദേശത്ത് വനംവകുപ്പിന്റെ അനുമതിയില്ലാതെയാണ് കുട്ടികൾ ട്രക്കിംഗിന് പോയതെന്നാണ് വിവരം.അതേസമയം, കുട്ടികൾ വനംവകുപ്പിന്റെ ക്യാമ്പ് ഓഫീസിൽ സുരക്ഷിതരാണെന്ന് വനംവകുപ്പ് അറിയിച്ചു. കുട്ടികളേയും അധ്യാപകരേയും തിരികെയെത്തിക്കാൻ പൊലീസും വനം വകുപ്പും ശ്രമം ആരംഭിച്ചു കഴിഞ്ഞുവെങ്കിലും രാത്രി പുറത്തേക്കെത്തിക്കാൻ കഴിയില്ല.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കുട്ടികളെ നാളെ രാവിലെ മാത്രമേ പുറത്തേക്കെത്തിക്കൂ. പ്രദേശത്ത് ശക്തമായ മഴ നിലനിൽക്കുന്നതിനാലും കനത്ത ഇരുട്ടായതിനാലും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി നേരിടുകയാണ്. വിഷയത്തിൽ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് കൊല്ലം ജില്ലാ കളക്ടർ അറിയിച്ചു.
Post Your Comments