ലക്നൗ: അയോധ്യയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യ ഘട്ടം ഡിസംബർ 15നകം സജ്ജമാകുമെന്ന് വ്യക്തമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘മര്യാദ പുരുഷോത്തം ശ്രീ റാം ഇന്റർനാഷണൽ എയർപോർട്ട്’ എന്നാണ് വിമാനത്താവളത്തിന്റെ പേരെന്നും ബോയിംഗ് 737, 319എയർബസ്, 320 വിമാനങ്ങൾ എന്നിവ ഉൾക്കൊള്ളാനുള്ള ശേഷി എയർപോർട്ടിനുണ്ടെന്നും യോഗി ആദിത്യനാഥ് അറിയിച്ചു.
2021ലാണ് വിമാനത്താവളത്തിന് ശ്രീരാമന്റെ പേര് നൽകിയത്. അയോധ്യ ജില്ലയിലെ ഫൈസാബാദിലെ നാകയിൽ NH-27 , NH-330 എന്നിവയോട് ചേർന്നാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. രാമക്ഷേത്രത്തിനൊപ്പം വിമാനത്താവളത്തിന്റെയും നിർമ്മാണം പൂർത്തിയാക്കാനായിരുന്നു സർക്കാരിന്റെ പദ്ധതി.
നേരത്തെ, അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ 2024 ജനുവരി 22ന് നടക്കുമെന്ന് രാമക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര അറിയിച്ചിരുന്നു. മൂന്നുനിലകളിലുള്ള ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ പണി ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് റിപ്പോർട്ട്. ജനുവരി 20നും 24നും ഇടയില്‍ നടക്കുന്ന പ്രാണ്‍ പ്രതിഷ്ഠ ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കുമെന്നും നൃപേന്ദ്ര മിശ്ര വ്യക്തമാക്കിയിരുന്നു.
Post Your Comments