സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ന്യൂനമർദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീന ഫലമായാണ് മഴ കനക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയാണ് അനുഭവപ്പെടുക. മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
വടക്കൻ ശ്രീലങ്കയ്ക്കും സമീപ പ്രദേശത്തുമായാണ് ചക്രവാതച്ചുഴി രൂപപ്പെട്ടിരിക്കുന്നത്. ഇതിനോടൊപ്പം വടക്കൻ കേരളം മുതൽ വടക്കൻ മഹാരാഷ്ട്ര വരെ ന്യൂനമർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. നിലവിൽ, തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്, വരും മണിക്കൂറുകൾക്കുള്ളിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുന്നതാണ്.
Also Read: തലസ്ഥാനത്ത് നിന്നും കാണാതായ 3 വിദ്യാർത്ഥികളെ കണ്ടെത്തി: കണ്ടെത്തിയത് മറ്റൊരു സംസ്ഥാനത്ത് നിന്ന്
ബംഗാൾ ഉൾക്കടലിന്റെ തെക്ക് കിഴക്കൻ മേഖല ശക്തി പ്രാപിക്കുന്ന ന്യൂനമർദ്ദം, വരും ദിവസങ്ങളിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. മഴ അതിശക്തമാകുന്നതിനാൽ തീരപ്രദേശങ്ങളിൽ ഉള്ളവരും, മലയോര മേഖലകളിൽ ഉള്ളവരും ജാഗ്രത പാലിക്കേണ്ടതാണ്.
Post Your Comments