കൊല്ലം: ഓയൂർ ആറുവയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടു പോയ കേസിൽ അന്വേഷണം വഴിതിരിച്ച് വിടാൻ ശ്രമം നടക്കുന്നതായി ആരോപണം. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കൾക്കെതിരെ യൂത്ത് കോൺഗ്രസ് പരാതി നല്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ഡിവൈഎഫ്ഐ വനിത നേതാവിനെതിരെ ഡിജിപിയ്ക്ക് പരാതി നൽകി.
ആശ്രാമം മൈതാനത്ത് കുട്ടിയെ ആദ്യമായി കണ്ടെന്ന് പറഞ്ഞ് അന്വേഷണം വഴിതിരിച്ച് വിടാൻ ശ്രമം നടക്കുന്നുവെന്നാണ് ആക്ഷേപം.കുട്ടിയെ മൈതാനത്ത് കണ്ടെത്തുന്നതിനു തൊട്ടുമുൻപ് ആശ്രാമത്തെ ഇൻകം ടാക്സ് ഓഫിസേഴ്സ് ക്വാർട്ടേഴ്സിനു മുന്നിൽ 2 യുവാക്കളെത്തി പ്രശ്നം ഉണ്ടാക്കിയെന്നും അവർ തട്ടിക്കൊണ്ടുപോകൽ സംഘമാണെന്നു സംശയിക്കുന്നു എന്നുമായിരുന്നു വനിതാ നേതാവിന്റെ പ്രചരണം.
കേരളത്തെ ഞെട്ടിച്ച തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതികൾ ഇപ്പോഴും കാണാമറയത്ത്. ആരാണ് പിന്നിലെന്നും. എന്താണ് ലക്ഷ്യമെന്നും ഇപ്പോഴും അജ്ഞാതം. പ്രതികൾ സഞ്ചരിച്ച ഒരു വെള്ളകാർ മാത്രമാണ് ഇപ്പോഴും അന്വേഷണ സംഘത്തിനു മുന്നിലെ പിടിവള്ളി. ചിറക്കര ചാത്തന്നൂര് റൂട്ടിൽ പോയതായുള്ള ദൃശ്യങ്ങളാണ് അവസാനം കിട്ടിയത് .
ചിറക്കരയിൽ നിന്നും കാർ ബ്ലോക്ക് മരം ജംഗ്ക്ഷനിലേക്കും പിന്നെ പരവൂർ- പാരിപ്പള്ളി ഭാഗങ്ങളിലേക്കും പോകുന്നതിൻറയും സിസിടിവി ദൃശ്യങ്ങൾ കിട്ടി. പക്ഷെ സഞ്ചാരപഥം കൃത്യമല്ല. സംഘത്തിൽ എത്രപേർ ഉണ്ട് എന്നതിലും വ്യക്തതയില്ല. രണ്ടു സ്ത്രീകളുണ്ടെന്നാണ് പൊലീസിന്റെ് സംശയം. സിസിടിവി ദൃശ്യം വഴി അന്വേഷണം നടക്കാനിടയുള്ളതിനാൽ വഴി തെറ്റിച്ചു പല സ്ഥലങ്ങളിലൂടെ മാറിമാറി സംഘം പോയതായും സംശയമുണ്ട്. കാറിനൊപ്പം പലയിടത്തും ഒരു ഓട്ടോയുടെ സാന്നിധ്യവുമുണ്ട്. സാധനങ്ങൾ വാങ്ങാൻ പാരിപ്പള്ളിയിലെ കടയിൽ സംഘം എത്തിയ ഓട്ടോ ഇതുവരെ കണ്ടെത്തിയിട്ടില്ല.
Post Your Comments