‘കുഞ്ഞിനെ ഒരു മരച്ചുവട്ടിൽ ഇരുത്തി ആ സ്ത്രീ ഓടിപ്പോയി, പപ്പയെ വിളിക്കാൻ പോയതാണെന്ന് കുഞ്ഞ് പറഞ്ഞു’

കൊല്ലം: മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഫലം ഉണ്ടായി. ആശ്രാമം മൈതാനത്ത് വെച്ചാണ് കാണാതായ പെൺകുട്ടിയെ കണ്ടെത്തിയത്. ആശ്രാമം മൈതാനത്ത് നിന്ന് കണ്ടെത്തുമ്പോൾ കുട്ടി അവശനിലയിലായിരുന്നെങ്കിലും ആരോഗ്യനില തൃപ്തികരമാണ്. കുട്ടിയെ മൈതാനത്ത് ഇരുത്തിയ ശേഷം കൂടെയുണ്ടായിരുന്ന സ്ത്രീ ഓടിപ്പോകുന്നത് കണ്ടു എന്ന് കുട്ടിയെ ആദ്യം കണ്ട പെൺകുട്ടി പറയുന്നു. വിദ്യാർത്ഥികളും നാട്ടുകാരും ചേർന്നാണ് കുട്ടിയെ പോലീസിൽ ഏൽപ്പിച്ചത്.

കുട്ടിയും സ്ത്രീയും മാത്രമാണ് ഉണ്ടായിരുന്നതെന്നും പുരുഷന്മാരാരും കൂടെയില്ലായിരുന്നെന്നും കൊല്ലം എസ്എൻ കോളജ് വിദ്യാർഥിയായ ധനഞ്ജയ പറഞ്ഞു. കോളജിൽനിന്ന് പരീക്ഷ കഴിഞ്ഞ് മൈതാനത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. കുട്ടിയെ ഒരു സ്ത്രീ മൈതാനത്തെ ഒരു മരത്തിന് ചുവട്ടിൽ നിർത്തിയിട്ട് പോയി. സമയം പോയിട്ടും അവർ തിരികെ വരാതെ ആയതോടെ പെൺകുട്ടി കുഞ്ഞിന്റെ അരികിലേക്ക് പോവുകയായിരുന്നു. സംശയം തോന്നി ഇന്നലെ കാണാതായ കുട്ടിയുടെ ഫോട്ടോ നോക്കി, അങ്ങനെയാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. അവരെ എവിടെ പോയെന്ന് ചോദിച്ചപ്പോൾ പപ്പയെ വിളിക്കാൻ പോയതാണെന്ന് കുഞ്ഞ് പറഞ്ഞുവെന്നും തുടർന്ന് നാട്ടുകാരെത്തി വിവരം പോലീസിൽ അറിയിക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു.

കുഞ്ഞിന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് അധിക‍ൃതർ അറിയിച്ചു. കണ്ടെത്തിയതിന് ശേഷം കുഞ്ഞ് ഭക്ഷണം കഴിച്ചു. ഇപ്പോൾ എആർ ക്യാംപിൽ കഴിയുന്ന കുഞ്ഞിനെ കുറച്ചു സമയങ്ങൾക്കകം വീട്ടിലെത്തിക്കും. അമ്മ സിജിയുമായും വീട്ടുകാരുമായും അബി​ഗേൽ വീഡിയോ കോളിൽ സംസാരിച്ചു. കേരളക്കരയാകെ മണിക്കൂറുകളായി തിരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ പൊലീസുകാ‍ര്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും. നാടൊന്നാകെ കുട്ടിക്കായി തിരച്ചിൽ തുടങ്ങിയതാണ് കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടാൻ പ്രതികളെ പ്രേരിപ്പിച്ചത്.

Share
Leave a Comment