Latest NewsNewsIndia

കുസാറ്റ് ദുരന്തം ഉണ്ടായത് മഴയെ തുടര്‍ന്നുണ്ടായ തള്ളിക്കയറ്റത്തെ തുടര്‍ന്നല്ലെന്ന് വിദ്യാര്‍ത്ഥികള്‍: കാരണം ഇങ്ങനെ

കൊച്ചി: കുസാറ്റ് ദുരന്തത്തിന് കാരണം മഴയെ തുടര്‍ന്നുണ്ടായ തള്ളിക്കയറ്റമല്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ രംഗത്ത് എത്തി. പരിപാടിക്കായി ഉള്ളിലേക്ക് കയറാനുള്ള ഗേറ്റ് തുറക്കാന്‍ വൈകിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഗേറ്റ് തുറന്നപ്പോള്‍ എല്ലാവരും കൂടി തള്ളിക്കയറിയത് അപകടമുണ്ടാക്കിയെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

Read Also: സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ

‘സെലിബ്രിറ്റി വന്നതുകൊണ്ട് നല്ല തിരക്കുണ്ടായിരുന്നു. അത്ര വലിയ മഴയുണ്ടായിരുന്നില്ല. ആളുകളെ ഉള്ളില്‍ കയറ്റാന്‍ വൈകിയിരുന്നു. ഗേറ്റ് തള്ളിത്തുറക്കാന്‍ ശ്രമമുണ്ടായി. തുടര്‍ന്ന് ഗേറ്റ് തുറന്നപ്പോള്‍ ഉന്തും തള്ളുമുണ്ടായി. അടിയിലോട്ട് സ്ലോപ്പായിട്ടുള്ള സ്റ്റെപ്പാണ്. തള്ളല്‍ വന്നപ്പോള്‍ കുറേപ്പേര്‍ വീണുപോയി’, ഒരു വിദ്യാര്‍ത്ഥി പറഞ്ഞു.

കുസാറ്റില്‍ ദുരന്തമുണ്ടാക്കിയത് അശാസ്ത്രീയ വേദിയും ആള്‍ക്കൂട്ട നിയന്ത്രണത്തിന് സംവിധാനം ഇല്ലാതിരുന്നതുമാണ്. തിയറ്ററിലേക്ക് കയറാനും ഇറങ്ങാനും ഒരു ഗേറ്റ് മാത്രമാണുള്ളത്. ഗേറ്റ് കഴിഞ്ഞുള്ള പടിക്കെട്ടില്‍ നിന്നവര്‍ തിക്കിലും തിരക്കിലും താഴോട്ട് വീഴുകയായിരുന്നു, അവരുടെ മുകളിലേക്ക് കൂടുതല്‍ ആളുകള്‍ വീണു. ചവിട്ടേറ്റും ശ്വാസം മുട്ടിയുമാണ് വിദ്യാര്‍ത്ഥികള്‍ മരിച്ചത്.

സ്‌കൂള്‍ ഓഫ് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ടെക് ഫെസ്റ്റിന്റെ ഭാഗമായി കാമ്പസിനകത്തുള്ള ആംഫി തിയേറ്ററില്‍ സംഘടിപ്പിച്ച സംഗീത നിശയില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. രണ്ടാം വര്‍ഷ സിവില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളായ കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആന്‍ റൂഫ് , താമരശ്ശേരി സ്വദേശിനി സാറ തോമസ്, കുസാറ്റിലെ വിദ്യാര്‍ത്ഥിയല്ലാത്ത പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍ബിന്‍ ജോസഫ് എന്നിവരാണ് മരിച്ചത്. നാല് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. ഇവരില്‍ രണ്ട് പേരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button