Latest NewsNewsIndia

തുരങ്കത്തിനുള്ളിൽ കുടുങ്ങിയവർ കള്ളനും പോലീസും കളിക്കുന്നു; ലുഡോ കളിക്കാൻ കാർഡ് നൽകുമെന്ന് പോലീസ്

ഉത്തരാഖണ്ഡിലെ സിൽക്ക്‌യാരയിലെ തുരങ്ക നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തിൽ തുരങ്കത്തിനകത്ത് പെട്ടുപോയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. 12 ദിവസമായി തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികൾക്ക് സമയം കളയാൻ ബോർഡ് ഗെയിമുകളും പ്ലേയിംഗ് കാർഡുകളും നൽകാൻ രക്ഷാപ്രവർത്തകർ. അവരെ രക്ഷിക്കുന്നതിൽ കാലതാമസം ഉണ്ടാകുമെന്നതിനാലാണ് ഈ നീക്കം. ഡ്രില്ലിംഗ് മെഷീൻ കിടക്കുന്ന പ്ലാറ്റ്‌ഫോമിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് വ്യാഴാഴ്ച വൈകി, തകർന്ന തുരങ്കത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെയുള്ള ഡ്രില്ലിംഗ് നിർത്തിവെച്ചിരുന്നു. ഇത് വീണ്ടും ആരംഭിച്ചു.

‘അവരുടെ (കുടുങ്ങിയ തൊഴിലാളികൾ) സമ്മർദ്ദം ഒഴിവാക്കാൻ സഹായിക്കുന്നതിന് ലൂഡോ, ചെസ്സ് ബോർഡുകളും പ്ലേയിംഗ് കാർഡുകളും നൽകാൻ ഞങ്ങൾ പദ്ധതിയിടുന്നു. ഓപ്പറേഷൻ വൈകുകയാണ്, കുറച്ചു കൂടി സമയം എടുക്കമെന്നതിനാലാണ് ഇത്. തങ്ങൾ കള്ളനും പോലീസും കളിക്കുകയാണെന്ന് അവർ ഞങ്ങളോട് പറഞ്ഞു. സമ്മർദ്ദം കുറയ്ക്കാൻ ദിവസവും വ്യായാമവും യോഗയും ചെയ്യുന്നുണ്ടെന്നും അവർ അറിയിച്ചു’, രക്ഷാപ്രവർത്തനം നടത്തുന്ന സ്ഥലത്തെ സൈക്യാട്രിസ്റ്റുകളിൽ ഒരാളായ ഡോ. രോഹിത് ഗോണ്ട്വാൾ പിടിഐയോട് പറഞ്ഞു.

41 തൊഴിലാളികളും സുഖമായിരിക്കുന്നുവെന്നും എന്നാൽ ആരോഗ്യത്തോടെയും മാനസികമായും ആരോഗ്യത്തോടെയിരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിച്ച മറ്റൊരു മെഡിക്കൽ വിദഗ്ധൻ അവരുടെ മനോവീര്യം ഉയർന്ന നിലയിലായിരിക്കണമെന്നും അവർ പ്രചോദിതരായിരിക്കണമെന്നും പറഞ്ഞു. ഡോക്ടർമാരുടെ ഒരു സംഘം ദിവസവും തൊഴിലാളികളോട് സംസാരിക്കുകയും അവരുടെ ആരോഗ്യവും മാനസികാവസ്ഥയും ചോദിക്കുകയും ചെയ്യുന്നുണ്ട്.

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുള്ള സിൽക്ക്‌യാരയിൽ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്ന് 41 തൊഴിലാളികൾ അകപ്പെട്ടത് നവംബർ 12നായിരുന്നു. നിലവില്‍ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള പൈപ്പ്‌ലൈൻ സ്ഥാപിക്കുന്ന ജോലിയാണ് നടക്കുന്നത്. 800 മില്ലിമീറ്റർ വ്യാസമുള്ള സ്റ്റീൽ പൈപ്പാണ് അവശിഷ്ടങ്ങൾക്കിടയിലൂടെ അകത്തേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നത്. തുരങ്കത്തിനു പുറത്തുവരുന്ന തൊഴിലാളികൾക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വിദഗ്ധരടങ്ങുന്ന ഡോക്ടർമാരുടെ സംഘമാണ് കാത്തുനിൽക്കുന്നത്. അത്യാധുനിക സംവിധാനങ്ങളുള്ള പന്ത്രണ്ട് ആംബുലൻസുകളും സ്ഥലത്തുണ്ട്. ഗുരുതരാവസ്ഥയിലുള്ള ആരെങ്കിലുമുണ്ടെങ്കിൽ അവരെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റും.

shortlink

Related Articles

Post Your Comments

Related Articles


Back to top button