കണ്ണൂര്‍: നവകേരള ബസിന് അഭിവാദ്യമർപ്പിക്കാൻ സ്കൂൾ കുട്ടികളെ പൊരിവെയിലിൽ നിർത്തിയെന്ന എം.എസ്.എഫിന്റെ പരാതി വാർത്തയായതോടെ സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാനൂരിൽ കുട്ടികളെ നിർത്തിയത് തണലത്താണെന്ന് അദ്ദേഹം വാദിച്ചു. നവകേരള സദസ്സിനു കുട്ടികളെ ഇറക്കുന്നത് ഗുണകരമല്ലെന്നും ഇനി അതാവർത്തിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
തലശ്ശേരി ചമ്പാട് എൽപി സ്കൂളിലെ കുട്ടികളെ കൊണ്ടാണ് വെയിലത്ത് നിര്‍ത്തിയത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും എംഎസ്എഫ് പരാതി നൽകി. പ്രധാനാധ്യാപകൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി വേണമെന്നാണ് എംഎസ്എഫ് ആവശ്യപ്പെട്ടത്. മുദ്രാവാക്യം വിളിക്കാൻ അധ്യാപകർ പറയുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. നവകേരള സദസിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം നേരത്തെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. നവകേരള സദസിലേക്ക് സ്കൂൾ ബസുകൾ വിട്ടു കൊടുക്കാനുള്ള നിർദ്ദേശം ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് സ്കൂൾ കുട്ടികളെത്തന്നെ നിർബന്ധമായും സദസിൽ പങ്കെടുപ്പിക്കണമെന്ന ഡിഇഒയുടെ കടുത്ത നിർദേശം.
അതേസമയം, നവകേരള സദസില്‍ സ്‌കൂള്‍ കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന നിര്‍ദ്ദേശത്തിന് എതിരെ കെ.എസ്.യു കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. തെളിവുകള്‍ സഹിതം കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് അറിയിച്ചു. നവകേരള സദസിന്റെ വാഹനം സഞ്ചരിച്ച വഴിയില്‍ സ്‌കൂള്‍ കുട്ടികളെ മുദ്രാവാക്യം വിളിപ്പിച്ചതടക്കം ചൂണ്ടികാട്ടിയാണ് ഹര്‍ജി.
Post Your Comments