ഹൊറർ സിനിമകളിലൂടെ കേട്ടുപരിചിതമായ വാക്കുകളിൽ ഒന്നാണ് സോംബി. മനുഷ്യന്റെ ക്രിയേറ്റിവിറ്റിക്ക് അനുസൃതമായി രൂപംകൊണ്ട വാക്കാണ് സോംബിയെങ്കിലും, ഇപ്പോഴിതാ ഈ പേരിൽ ഒരു രോഗം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. മാനുകളുടെ പെരുമാറ്റത്തെയും രൂപത്തെയും ബാധിക്കുന്ന വിചിത്ര രോഗമാണ് ക്രോണിക് വേസ്റ്റിംഗ് ഡിസീസ് അഥവാ സോംബി ഡീർ ഡിസീസ്. യുഎസിലെ യെല്ലോ സ്റ്റോൺ നാഷണൽ പാർക്കിലാണ് അതിവ്യാപനശേഷിയുള്ളതും, മാനുകളെ കൂട്ടത്തോടെ കൊല്ലുന്നതുമായ ഈ രോഗം കണ്ടെത്തിയിരിക്കുന്നത്. പാർക്കിലെ യെല്ലോ സ്റ്റോൺ തടാകത്തിന് സമീപം ചത്ത നിലയിൽ കാണപ്പെട്ട മാനിലാണ് ഈ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
സോംബി ഡീർ ഡിസീസ് പിടിപെട്ട മൃഗങ്ങളിൽ ലക്ഷണങ്ങൾ പ്രകടമാകാൻ ഏകദേശം ഒരു വർഷത്തിലേറെ സമയമെടുക്കും. പ്രയോണുകൾ എന്നറിയപ്പെടുന്ന പ്രോട്ടീനുകളിലൂടെയാണ് ഈ രോഗം പടരുന്നത്. മൃഗങ്ങളുടെ തലച്ചോറിനെയാണ് ഈ രോഗം ആദ്യം ബാധിക്കുക. പിന്നീട് വിവിധ തരത്തിലുള്ള സ്വഭാവ മാറ്റങ്ങളും പ്രകടമാകും. രോഗം മൂർച്ഛിച്ചാൽ മരണം വരെ സംഭവിച്ചേക്കാം. പെട്ടെന്നുള്ള ഭാരം കുറയൽ, അലസത, ഇടർച്ച തുടങ്ങിയവയാണ് സോംബി ഡീർ ഡിസീസിന്റെ മറ്റ് ലക്ഷണങ്ങൾ.
Also Read: ഉത്സവ സീസണിൽ രാജ്യത്തേക്ക് ഒഴുകിയെത്തിയത് കോടികളുടെ സ്വർണം, ഇറക്കുമതി കുത്തനെ ഉയർന്നു
രോഗവാഹകരായ മാനുകളിലെ ഉമിനീര്, വിസർജ്യം, മൂത്രം, രക്തം എന്നിവയിലൂടെ മറ്റു മാനുകളിലേക്കും ഈ രോഗം പടരുന്നു. എല്ക്ക്, റെയിൻ ഡീർ, സിക ഡിയർ തുടങ്ങി മാൻ കുടുംബത്തിൽപ്പെട്ട എല്ലാ ജീവികളെയും ഈ അസുഖം ബാധിച്ചേക്കാം. നിലവിൽ, ഈ രോഗം ഇതുവരെ മനുഷ്യരിൽ കണ്ടെത്തിയിട്ടില്ല. എന്നാൽ, രോഗം ബാധിച്ച മാനുകളുടെ മാംസം കഴിക്കുന്നതിലൂടെ മനുഷ്യനിലേക്കും രോഗം പടരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. രോഗത്തിന് കാരണമായ പ്രയോൺ പ്രോട്ടീനുകൾ വിഘടിക്കാത്തതിനാൽ, മാനുകളുടെ മാംസം പാകം ചെയ്ത് കഴിച്ചാലും രോഗം പകരും.
Post Your Comments