ഓപ്പൺഎഐ കൈവിട്ട സാം ആൾട്മാനെ പുതിയ നേതൃത്വ നിരയിലേക്ക് കൈപിടിച്ചുയർത്തി മൈക്രോസോഫ്റ്റ്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഓപ്പൺഎഐയുടെ സിഇഒ സ്ഥാനത്ത് നിന്നും സാം ആൾട്മാനെ കമ്പനി പുറത്താക്കിയത്. ഇതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക ക്ഷണം ആൾട്മാനെ തേടിയെത്തിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് പ്രവർത്തിക്കുന്ന പുതിയ സംഘത്തെ നയിക്കുക എന്ന ദൗത്യമാണ് മൈക്രോസോഫ്റ്റ് സാം ആൾട്മാന് നൽകിയിരിക്കുന്നത്.
മൈക്രോസോഫ്റ്റിന്റെ പുതിയ നടപടിക്ക് പിന്നാലെ ഓപ്പൺഎഐയിൽ നിന്ന് കൂടുതൽ പേർ മൈക്രോസോഫ്റ്റിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. സാം ആൾട്മാനെ പുറത്താക്കിയതിനെ തുടർന്ന് ഓപ്പൺഎഐയുടെ സഹസ്ഥാപകരിൽ ഒരാളായ ഗ്രെഗ് ബ്രോക്ക്മാൻ രാജിവെച്ചിരുന്നു. ഇരുവരും ചേർന്നാണ് മൈക്രോസോഫ്റ്റിന്റെ പുതിയ നേതൃത്വ നിര നയിക്കുക. ഇത് സംബന്ധിച്ച വിവരങ്ങൾ മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല പുറത്തുവിട്ടിട്ടുണ്ട്.
Also Read: കള്ളപ്പണം വെളുപ്പിക്കല്‍ കേസ്, നാഷണല്‍ ഹെറാള്‍ഡിന്റെ 751.9 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
ഓപ്പൺഎഐയെ മുന്നോട്ട് നയിക്കാൻ സാം ആൾട്മാന് പ്രാപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബോർഡ് അദ്ദേഹത്തെ പുറത്താക്കിയത്. ബോര്‍ഡുമായുള്ള ആശയവിനിമയത്തില്‍ സാം ആള്ട്ട്മാന് സ്ഥിരത പുലര്‍ത്തിയിരുന്നില്ലെന്നും അദ്ദേഹത്തിന്റെ കഴിവില്‍ ബോര്‍ഡിന് വിശ്വാസം നഷ്ടപ്പെട്ടതോടെയാണ് പുറത്താക്കല്‍ തീരുമാനമെന്നും കമ്പനി വ്യക്തമാക്കി. ടെക്നോളജി രംഗത്ത് പുതിയ മാറ്റങ്ങൾക്ക് തുടക്കമിട്ട ചാറ്റ്ജിപിടിയുടെ നിർമ്മാതാക്കളാണ് ഓപ്പൺഎഐ.
Post Your Comments