ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് വിസയില്ലാതെ മറ്റൊരു രാജ്യത്ത് കൂടി സന്ദർശിക്കാൻ അവസരം. ഇക്കുറി വിയറ്റ്നാം ആണ് ഇന്ത്യക്കാരെ ക്ഷണിച്ചിരിക്കുന്നത്. അടുത്തിടെ ശ്രീലങ്കയും തായ്ലൻഡും ഇന്ത്യക്കാർക്ക് സൗജന്യ വിസ ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിയറ്റ്നാമിന്റെ പുതിയ പ്രഖ്യാപനം. ഇതോടെ, ഈ മൂന്ന് രാജ്യങ്ങളിലേക്കും ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ പറക്കാനാകും. കോവിഡ് മഹാമാരിക്ക് മുൻപ് ഏകദേശം 1.7 ഇന്ത്യക്കാരാണ് വിയറ്റ്നാം സന്ദർശിച്ചത്. വിസ സൗജന്യമാക്കുന്നതോടെ കൂടുതൽ ഇന്ത്യക്കാർ വിയറ്റ്നാമിലേക്ക് എത്തുമെന്നാണ് വിലയിരുത്തൽ.
വിയറ്റ്നാമിലെ ടൂറിസം മേഖലയിലേക്ക് കൂടുതൽ ഊർജ്ജം പകരുന്നതിനായാണ് തിരഞ്ഞെടുത്ത രാജ്യങ്ങൾക്ക് സൗജന്യ വിസ നൽകുന്നത്. വിയറ്റ്നാമിന്റെ സാംസ്കാരിക-കായിക-ടൂറിസം വകുപ്പ് മന്ത്രി ഗ്യുൻ വാൻ ജുംഗ് ആണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടത്. ഇന്ത്യയ്ക്ക് പുറമേ, പുതുതായി ചൈനയ്ക്കും സൗജന്യ വിസ നൽകാൻ വിയറ്റ്നാം തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ജർമ്മനി, ഫ്രാൻസ്, സ്വീഡൻ, ഇറ്റലി, സ്പെയിൻ, ഡെന്മാർക്ക്, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നേരത്തെ തന്നെ വിയറ്റ്നാം സൗജന്യ വിസ ലഭ്യമാക്കിയിട്ടുണ്ട്.
Post Your Comments