
കാസർഗോഡ്: നവകേരള സദസ്സിനായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി സഞ്ചരിക്കാനുള്ള ബസിനെ കുറിച്ച് പ്രചരിച്ചവയിൽ പലതും വാസ്തവ വിരുദ്ധമെന്ന് തെളിഞ്ഞിട്ടും വാർത്തകളിൽ നിറയുന്നത് കാബിനറ്റ് ബസ് തന്നെ. നവകേരള സദസ്സിന്റെ ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രിയും കാബിനറ്റ് ബസിനെ പരാമർശിച്ചു. ബസിൽ ആഡംബരമൊന്നും കണ്ടെത്താൻ തങ്ങൾക്ക് സാധിച്ചില്ലെന്നും മാധ്യമപ്രവർത്തകർക്ക് ബസിനുള്ളിൽ കയറി പരിശോധിക്കാം എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ഇതിന് പിന്നാലെ മാധ്യമ പ്രവർത്തകർ ബസിനുള്ളിൽ കയറിയെങ്കിലും ശുചിമുറിയും ഹൈഡ്രോളിക് ലിഫ്റ്റുമല്ലാതെ അധികമായി ഒന്നും കണ്ടെത്താനായില്ല.
ബസിലെ ശുചിമുറിയുടെ ഉദ്ഘാടനം നിർവഹിച്ചത് മന്ത്രി പി.എ.മുഹമ്മദ് റിയാസാണ്. യാത്രികർക്ക് ഇറങ്ങാനും കയറാനുമുള്ള ഹൈഡ്രോളിക് ലിഫ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത് മന്ത്രി ആന്റണി രാജു. വാതിൽപടിക്കു പുറമേയാണ് ലിഫ്റ്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. ലിഫ്റ്റിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ചെങ്കിലും ആ ദൗത്യം തന്നെ ഏൽപ്പിക്കുകയായിരുന്നെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി.
‘‘ഗെസ്റ്റ് ഹൗസിൽ വച്ച് ഹൈഡ്രോളിക് ലിഫ്റ്റ് ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രിയെ ക്ഷണിച്ചെങ്കിലും ഗതാഗതമന്ത്രിതന്നെ ഉദ്ഘാടനം ചെയ്യാൻ നിർദേശിച്ചതിനാലാണ് ഞാൻ നിർവഹിച്ചത്. ബട്ടൺ അമർത്തിയാൽ ബസിൽനിന്നു യാത്രക്കാരെ താഴെയെത്തിക്കും. തിരിച്ചും ഉപയോഗിക്കും. ഒരാൾക്കു മാത്രമേ നിൽക്കാനാകൂ. ഞാൻ ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രിയും ഹൈഡ്രോളിക് ലിഫ്റ്റിൽ കയറി. റിവോൾവിങ് ചെയർ ആഡംബരമാകുന്നത് എങ്ങനെയെന്ന് അറിയില്ല. മുന്നോട്ടു നോക്കിയിരിക്കുന്നതുപോലെ തന്നെ പിന്നിലേക്കു തിരിച്ച് മന്ത്രിമാരോടു സംസാരിക്കാനും കഴിയുന്ന തരത്തിലാണു തയാറാക്കിയിരിക്കുന്നത്‘’ – മന്ത്രി ആന്റണി രാജു പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്കു മുൻപ് തന്നെ മന്ത്രി ആന്റണി രാജു പൊലീസ് ആസ്ഥാനത്തെത്തി ബസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ചിരുന്നു. മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാതെയാണ് അദ്ദേഹം ബസിനടുത്തെത്തിയത്. ‘‘ബസിന്റെ കാര്യത്തിൽ ഒരു സസ്പെൻസുമില്ല. ഇതൊരു പാവം ബസാണ്. കൊലക്കേസ് പ്രതിയെപ്പോലെ കാണരുത്. അധികമായി ശുചിമുറി മാത്രമാണുള്ളത്‘’ – മന്ത്രി പറഞ്ഞു.
റിവോൾവിങ് ചെയർ 180 ഡിഗ്രി തിരിയാൻ കഴിയുന്നതാണ്. ബസിൽ രണ്ടു ദേശീയപതാകകൾ സ്ഥാപിച്ചിട്ടുണ്ട്. ബസിനു മുകളിൽ സ്പീക്കറുകളുമുണ്ട്. ബ്രൗൺ നിറമുള്ള ബസിന്റെ വശങ്ങളിൽ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം മുതൽ ബേക്കൽ കോട്ടയുടെ വരെ ചിത്രങ്ങൾ വരച്ചിട്ടുണ്ട്.
Post Your Comments