രാജ്യത്തുടനീളമുള്ള കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കാൻ ഒരുങ്ങി പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. വിവിധ വിഷയങ്ങളെ കുറിച്ച് ആഴത്തിൽ പരിജ്ഞാനമുള്ള വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ‘എസ്ഐബി ഇഗ്നൈറ്റ് ക്വിസത്തോൺ’ എന്ന പേരിലാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. ഒരു കോളേജിനെ പ്രതിനിധീകരിച്ച് പരമാവധി രണ്ട് ടീമുകൾക്ക് മത്സരത്തിൽ പങ്കെടുക്കാനാകും.
കറന്റ് അഫയേഴ്സ്, കായികം, ബിസിനസ്, സാങ്കേതികവിദ്യ, കല, ചരിത്രം, ഭൂമിശാസ്ത്രം എന്നീ വിഷയങ്ങളിൽ നിന്നാണ് ചോദ്യങ്ങൾ ഉണ്ടാവുക. രാജ്യത്തുടനീളം 8 മേഖലകളിലായി മത്സരം സംഘടിപ്പിക്കുന്നതാണ്. മൂന്ന് റൗണ്ടുകളായാണ് മത്സരം. ഇതിൽ ആദ്യത്തെ റൗണ്ടായ പ്രാഥമിക യോഗ്യതാ മത്സരങ്ങൾ ഓൺലൈനായും, മറ്റു മത്സരങ്ങൾ ഓഫ്‌ലൈനായും സംഘടിപ്പിക്കുന്നതാണ്. ഓരോ മേഖലയിൽ നിന്നും മുന്നിലെത്തുന്ന 8 ടീമുകളെ പങ്കെടുപ്പിച്ച് സോണൽ മത്സരവും നടത്തും. സോണൽ മത്സരത്തിൽ മുന്നിലെത്തുന്ന 8 ടീമുകളാണ് ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടുക.
ക്വിസ് മത്സരത്തിൽ വിജയിക്കുന്ന വിദ്യാർത്ഥികളെ ആകർഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ഒന്നാമതെത്തുന്ന ടീമിന് ഒന്നര ലക്ഷം രൂപയും, റണ്ണർ അപ്പ് ടീമിന് ഒരു രൂപയും സമ്മാനമായി ലഭിക്കും. മൂന്നാം സ്ഥാനം നേടുന്ന ടീമിന് 60,000 രൂപയാണ് സമ്മാനത്തുക ലഭിക്കുക. താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരം അപേക്ഷ സമർപ്പിക്കാവുന്നതാണ്. നവംബർ 30 ആണ് അപേക്ഷ നൽകാനുള്ള അവസാന തീയതി.
Post Your Comments