തിരുവനന്തപുരം: ഇസ്രയേലിനെതിരെ കോൺഗ്രസ് അഴകൊഴമ്പൻ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ദേശീയ പ്രസ്ഥാനക്കാലത്ത് ഗാന്ധിജിയും ജവഹർലാൽ നെഹ്റുവും ഉൾപ്പടെ കോൺഗ്രസ് നേതാക്കൾ പലസ്തീൻ ജനതക്കൊപ്പമായിരുന്നു. ഇപ്പോൾ കോൺഗ്രസ് മനസു തുറക്കുന്നില്ല. സ്വാതന്ത്ര്യം ലഭിച്ചശേഷവും പലസ്തീൻ ജനതക്ക് ഇന്ത്യ കലർപ്പില്ലാത്ത പിന്തുണ നൽകിയിരുന്നു. യാസർ അറാഫത്തിന്റെ നേതൃത്വത്തിലുള്ള പിഎൽഒക്ക് ഒപ്പം നിലകൊണ്ടു. ഈ നിലപാട് തിരുത്തി ബിജെപി സർക്കാർ ഇസ്രായേലിനെ പിന്തുണയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെയാണ് ഇന്ത്യ ഇസ്രായേലുമായി നയതന്ത്രബന്ധം തുടങ്ങിയത്. ഇരു രാജ്യങ്ങളിലും എംബസികൾ തുറന്നു. പാസ്പോർട്ട് നിയന്ത്രണങ്ങൾ നീക്കി. ഇപ്പോൾ പലസ്തീൻ ഐക്യദാർഢ്യറാലി നടത്തിയതിന്റെ പേരിൽ കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിന് അച്ചടക്കസമിതി വിലക്കുകൾ ഏർപ്പെടുത്തിയിരിക്കയാണ്. പലസ്തീൻ ഐക്യദാർഢ്യറാലികളിൽ എല്ലാ മനുഷ്യസ്നേഹികളും ഒന്നിച്ചണിനിരക്കണമെന്നാണ് സിപിഐ എം നിലപാട്. ലോക്സഭാ തെരഞ്ഞെടുപ്പ് സീറ്റ് നോക്കിയല്ല. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളിൽ ജനങ്ങളെയാകെ അണിനിരത്തുകയെന്നാതാണ് ലക്ഷ്യം. ലീഗായാലും ആര്യാടൻ ഷൗക്കത്തായാലും കടന്നുവരാം. വർഗീയ വാദികൾ, അഴകൊഴമ്പൻ നിലപാടുള്ളവർ എന്നിവരെ ഒഴിവാക്കി കൃത്യമായ വ്യക്തതതയുള്ളവരെല്ലാം ഒന്നിപ്പിക്കും. അതിൽ കക്ഷിരാഷ്ട്രീയ പരിഗണനയില്ല. രാജ്യത്ത് ബിജെപി സർക്കാർ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച പൗരത്വ ഭേദഗതിബിൽ, ഏകസിവിൽ കോഡ് എന്നീ വിഷയങ്ങളിൽ ഫാസിസ്റ്റുകൾക്കെതിരെ ഒന്നിച്ച പേരാട്ടത്തിന് സിപിഐ എം നേതൃത്വം നൽകി. രാജ്യത്തെ വർഗീയമായി ഭിന്നിപ്പിക്കാനായിരുന്നു ബിജെപി ലക്ഷ്യം. ഇതിനെതിരെ മതനിരപേക്ഷ ചിന്താഗതിക്കാർ ഒന്നിച്ചു. സമാനമായി മാനവികത ഉയർത്തിപ്പിടിക്കുന്ന പോരാട്ടത്തിൽ ജനങ്ങളെയാകെ ഒന്നിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ജൂതരാഷ്ട്രം എന്ന് പറഞ്ഞ് ഫാസിസ്റ്റ് തന്ത്രമാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഗുജറാത്തിലും മണിപ്പൂരിലും ഇത്തരം പ്രചാരണം കണ്ടു. ഇത് തിരിച്ചറിയാനാവണം. പലസ്തീനെ പൂർണമായും ഉന്മൂലനം ചെയ്യാനും വംശഹത്യ നടത്താനുമാണ് ഇസ്രായേൽ നീക്കം. ഇതിന് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെയും ഇന്ത്യയുടെയും പിന്തുണയുണ്ട്. അടിയന്തിരമായി യുദ്ധം അവസാനിപ്പിക്കണം. അതിനായി ലോകത്തുള്ള ജനങ്ങളാകെ ഒന്നിക്കണമെന്നും എം വി ഗോവിന്ദൻ ആഹ്വാനം ചെയ്തു.
Read Also: കുല്‍ഗാമില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു
Post Your Comments