KeralaLatest News

കെടിഡിഎഫ്സിക്ക് നൽകാനുള്ള 450 കോടി രൂപയ്ക്ക് പകരം കേരള ബാങ്കിന് കെഎസ്ആർടിസിയുടെ വാണിജ്യ സമുച്ചയങ്ങൾ പണയം വെക്കുന്നു

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ വാണിജ്യ സമുച്ചയങ്ങൾ കേരള ബാങ്കിന് പണയം വെക്കുന്നു. കെ.ടി.ഡി.എഫ്.സിക്ക് കെ.എസ്.ആർ.ടി.സി. നൽകാനുള്ള 450 കോടി രൂപയ്ക്ക് പകരമായാണ് തമ്പാനൂർ ഉൾപ്പെടെയുള്ള നാല് വാണിജ്യ സമുച്ചയങ്ങൾ കേരള ബാങ്കിന് ഈടായി നൽകുന്നത്. കെ.എസ്.ആർ.ടി.സി- കെ.ടി.ഡി.എഫ്.സി സംയുക്തസംരംഭങ്ങളായ വാണിജ്യ സമുച്ചയങ്ങളാണ് കേരള ബാങ്കിന് ഈടായി നൽകുന്നത്.

കെടിഡിഎഫ്സി സഹകരണ ബാങ്കുകളിൽ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും കടമെടുത്താണ് കെഎസ്ആർടിസിക്ക് വായ്പ നൽകിയിരുന്നത്. സർക്കാർ ഉത്തരവ് പ്രകാരം ഈടൊന്നുമില്ലാതെയാണ് കെ.ടി.ഡി.എഫ്.സി 90 ശതമാനം വായ്പയും കെ.എസ്.ആർ.ടി.സിക്ക് നൽകിയിട്ടുള്ളത്. എന്നാൽ, കെ.എസ്.ആർ.ടി.സി കൺസോർഷ്യം വായ്പയിലേക്ക് മാറിയപ്പോൾ കെ.ടി.ഡി.എഫ്.സിക്കുള്ള വരുമാനവും കുറഞ്ഞു. ഇതോടെ സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലായി. ഭൂമി ഈടു നൽകി പ്രശ്നത്തിന് പരിഹാരം കാണാനുള്ള പദ്ധതി തൊഴിലാളി സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് കെ.എസ്.ആർ.ടി.സി. മേധാവി ബിജു പ്രഭാകർ വിശദീകരിച്ചത്.

കെ.എസ്‌.ആർ.ടി.സി.യുടെ പ്രതിമാസ വരവ്, ചെലവ് കണക്കുകൾ എല്ലാമാസവും 16-ന് അംഗീകൃത യൂണിയനുകളുടെ ഓരോ പ്രതിനിധികൾക്ക് പരിശോധിക്കാൻ അനുമതി നൽകാനും തീരുമാനമായി. സ്വിഫ്റ്റിലേക്ക് സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം ലഭിക്കുന്ന 450 ഇലക്ട്രിക്ക് ബസുകൾ ഫാസ്റ്റ് പാസഞ്ചർ ആയി ഓടിക്കും. സൂപ്പർ ക്ലാസ് സർവീസിനായി 125 എ.സി., നോൺ എ.സി. ബസുകൾ ഇറക്കുമെന്നും സി.എം.ഡി. അറിയിച്ചു. അന്തസ്സംസ്ഥാന പാതകളിൽ മൂന്നു മാസത്തേക്ക് വാടക മുൻകൂറായി ഈടാക്കി 250 സൂപ്പർ ക്ലാസ് റൂട്ടുകൾ സ്വകാര്യമേഖലയിൽ നൽകുന്നത് പരിഗണനയിൽ ഉണ്ടെന്നും സി.എം.ഡി. അറിയിച്ചു.

യൂണിയൻ നിർദേശപ്രകാരം നടപ്പാക്കിയ മൾട്ടി ഡ്യൂട്ടി സംവിധാനം ലാഭകരമല്ലെങ്കിൽ പിൻവലിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു. വസ്തുകൈമാറ്റം ഉൾപ്പെടെ മാനേജ്മെന്റ് നിർദേശങ്ങളെയെല്ലാം ഐ.എൻ.ടി.യു.സി.യും ബി.എം.എസും എതിർത്തു. അംഗീകൃത യൂണിയനുകൾ മാത്രമാണ് ചർച്ചയ്ക്ക് ഉണ്ടായിരുന്നത്. ചർച്ച തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button