തിരുവനന്തപുരം: കൂടുതൽ ആശുപത്രികളിൽ ഈ വർഷം ശ്വാസ് ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ശ്വാസകോശ രോഗികൾക്കായുള്ള പൾമണറി റീഹാബിലിറ്റേഷൻ സെന്റർ, ആരോഗ്യ പ്രവർത്തകർക്കുള്ള പരിശീലനകേന്ദ്രം തുടങ്ങിയവ ഉൾപ്പെടുത്തിക്കൊണ്ടുള്ള സംസ്ഥാനത്തെ രണ്ടാമത്തെ സ്റ്റേറ്റ് സിഒപിഡി സെന്റർ തൃശൂർ നെഞ്ചുരോഗ ആശുപത്രിയിൽ ഈ വർഷം ആരംഭിക്കുന്നതിനായുള്ള നടപടികൾ ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞു. ജില്ലാ, ജനറൽ ആശുപത്രികളിലും കുടുംബാരാഗ്യ കേന്ദ്രങ്ങളിലും ആരംഭിച്ച ശ്വാസ് ക്ലിനിക്കുകളിലൂടെ മുപ്പതിനായിരത്തിലധികം സിഒപിഡി രോഗികളെ കണ്ടെത്തി ആവശ്യമായ ചികിത്സ നൽകി വരുന്നതായും മന്ത്രി വ്യക്തമാക്കി. ലോക സിഒപിഡി ദിന സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Read Also: ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗമാണ് സിഒപിഡി (Chronic Obstructive Pulmonary Disease). വിട്ടുമാറാത്തതും കാലക്രമേണ വർദ്ധിക്കുന്നതുമായ ശ്വാസംമുട്ടൽ, കഫക്കെട്ട്, ചുമ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. പലതരം പുകകൾ, വാതകങ്ങൾ, പൊടിപടലങ്ങൾ തുടങ്ങിയവയോടുള്ള സമ്പർക്കം ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നു. പുകവലിയും അന്തരീക്ഷ മലിനീകരണവും സിഒപിഡിക്കുള്ള കാരണങ്ങളിൽ പ്രഥമസ്ഥാനത്ത് നിൽക്കുന്നു. ലോകത്ത് മരണങ്ങൾക്കുള്ള ആദ്യ മൂന്നു കാരണങ്ങളിൽ ഒന്നാണ് സിഒപിഡി. പ്രതിവർഷം മൂന്ന് ദശലക്ഷം മരണങ്ങൾ സിഒപിഡി മൂലം സംഭവിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഗ്ലോബൽ ബർഡെൻ ഓഫ് ഡിസീസസ് എസ്റ്റിമേറ്റ് പ്രകാരം ഇന്ത്യയിൽ മാരകരോഗങ്ങളിൽ സിഒപിഡി രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. ഈ രോഗത്തിന്റെ വ്യാപ്തി മനസിലാക്കിക്കൊണ്ട് അവബോധം വളർത്തുവാനാണ് 2002 മുതൽ നവംബർ മാസത്തിലെ മൂന്നാമത്തെ ബുധനാഴ്ച ലോക സിഒപിഡി ദിനമായി ആചരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
‘ശ്വാസമാണ് ജീവൻ – നേരത്തെ പ്രവർത്തിക്കൂ’ (Breathing is Life – Act Earlier) എന്നുള്ളതാണ് ഈ വർഷത്തെ ലോക സിഒപിഡി ദിന സന്ദേശം. ശ്വാസകോശ ആരോഗ്യം കുട്ടിക്കാലം മുതൽ തന്നെ സംരക്ഷിക്കേണ്ടതിന്റെയും നേരത്തെയുള്ള രോഗ നിർണയത്തിന്റെയും ചികിത്സയുടെയും പ്രാധാന്യവും ഊട്ടി ഉറപ്പിക്കുന്നതാണ് ഈ സന്ദേശം. സംസ്ഥാനത്ത് അഞ്ച് ലക്ഷത്തോളം സിഒപിഡി രോഗികൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിന്റെയടിസ്ഥാനത്തിൽ സിഒപിഡിയെ എൻസിഡിയുടെ ഭാഗമായി ഉൾപ്പെടുത്തുകയും പ്രതിരോധത്തിനും നിയന്ത്രണത്തിനും ചികിത്സയ്ക്കുമായി ‘ശ്വാസ്’ എന്ന പേരിൽ ഒരു നൂതന സംരംഭം ആരംഭിക്കുകയും ചെയ്തു. ഈ പദ്ധതിയിലൂടെ കേരളത്തിൽ നിലവിലുള്ള രോഗികൾക്ക് കുടുംബാരോഗ്യ കേന്ദ്രം മുതൽ ജില്ലാ, ജനറൽ ആശുപത്രി വരെയുള്ള ആശുപത്രികളിൽ സജ്ജമാക്കിയ ശ്വാസ് ക്ലിനിക്കുകളിലൂടെ കൃത്യമായ ചികിത്സ ഉറപ്പുവരുത്തുന്നുവെന്ന് വീണാ ജോർജ് വ്യക്തമാക്കി.
സ്‌പൈറോമെട്രി പരിശോധനയിലൂടെ കൃത്യമായ രോഗനിർണയം, ശ്വാസ് ചികിത്സാ മാർഗരേഖ പ്രകാരമുള്ള കൃത്യമായ ചികിത്സ, സൗജന്യമായി ഇൻഹേലർ മരുന്നുകൾ, പുകവലി നിർത്തുന്നതിനായുള്ള ചികിത്സ, പൾമണറി റീഹാബിലിറ്റേഷൻ, കൗൺസിലിങ്, കൃത്യമായ റഫറലും ഫോളോ അപ്പും എന്നീ സേവനങ്ങൾ ശ്വാസ് ക്ലിനിക്കുകളിലൂടെ നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Also: അട്ടപ്പാടി മധു വധക്കേസിലെ ഒന്നാം പ്രതിയുടെ ശിക്ഷ നടപ്പിലാക്കുന്നത് മരവിപ്പിച്ച് ഹെെക്കോടതി
Post Your Comments